പെരുമ്പാവൂർ: കലാ, സാംസ്‌കാരിക മണ്ഡലത്തിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26,27,28 തീയതികളിൽ പെരുമ്പാവൂരിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കും. ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ഇന്ന് രാവിലെ 11.30 ന് ഫ്ളോറ റെസിഡൻസിൽ സിനിമാ സംവിധായകൻ വിനയൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ തിരുവനന്തപുരം സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായതും പ്രേക്ഷക പ്രീതിയാർജിച്ചതുമായ മികച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പന്ത്രണ്ടോളം ലോകോത്തര സിനിമകളാണ് പെരുമ്പാവൂർ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. ദിവസത്തിൽ നാലു സിനിമാ പ്രദർശനം എന്ന രീതിയിൽ മൂന്ന് ദിവസം കൊണ്ട് 12 സിനിമകൾ, അതിന്റെ യഥാർത്ഥ ദൃശ്യപ്പൊലിമയോടെ ആസ്വാദകരിലെത്തിക്കും വിധമാണ് പെരുമ്പാവൂരിലെ ഇ.വി.എം സിനിമാ തീയേറ്ററുമായി സഹകരിച്ച് ചലച്ചിത്രമേളയിലെ സിനിമാ പ്രദർശനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികളിൽ നവ്യമായൊരു സിനിമാ സംസ്‌കാരം രൂപപ്പെടുത്തുവാനും അതിലൂടെ അവരിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളെ ഉണർത്തി പുതു പ്രതിഭകളെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടിട്ടുള്ള മേളയിൽ വിദ്യാർത്ഥികളുടെ സജീവസാന്നിദ്ധ്യം ഉറപ്പാക്കാൻ ഡെലിഗേറ്റ് പാസുകളിൽ നാലിലൊന്ന് നിരക്കിൽ ഇളവുകളും ആകർഷകമായ പദ്ധതികളും ഭാരവാഹികൾ പ്രഖ്യാപിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗം മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയിൽ ഡോ. വിജയൻ നങ്ങേലി, റഫീക്ക് ചൊക്ളി, അൻവർ പി. സെയ്ത്, ജി. സന്തോഷ്‌കുമാർ, എൻ.എ. ലുഖ്മാൻ, പി.കെ. സിദ്ധിഖ്, നിധീഷ് മുരളി, ടോണി ഡീക്കൺ മേതല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.