high-court

കൊച്ചി:കൈക്കൂലിക്കേസിൽ വിജിലൻസ് അന്വേഷണത്തിന് അധികൃതരുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി.

ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് വിജിലൻസ് രജിസ്‌റ്റർ ചെയ്ത കേസ് റദ്ദാക്കാൻ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ ടി.എ അബ്ദുൾ സത്താർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് കെ. ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുസേവകർ കൃത്യനിർവഹണത്തിന്റെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങളിൽ അഴിമതി ആരോപണമുയർന്നാലാണ് വിജിലൻസ് അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടതെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.

പാലക്കാട് സ്വദേശിയായ പ്രവാസിക്കെതിരെ കുറുപ്പുന്തറ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ കേസിന്റെ കാര്യങ്ങൾ സംസാരിച്ച ശേഷം പ്രവാസിയുടെ പിതാവിൽ നിന്ന് 5,000 രൂപയും സഹോദരനിൽ നിന്ന് 15,000 രൂപയും കൈക്കൂലി വാങ്ങി. പിന്നീട് കോടതി ഗാർഹിക പീഡനക്കേസിൽ പ്രവാസിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ചപ്പോൾ നേരത്തേ നൽകിയ പണത്തിൽ 15,000 രൂപ അബ്ദുൾ സത്താർ എടുത്തെന്നു പറഞ്ഞ് എ.എസ്.ഐ അനിൽ കുമാർ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിൽ പരാതി നൽകി. വിജിലൻസ് കെണിയൊരുക്കി 2021 ആഗസ്റ്റ് 12 ന് അനിൽകുമാറിനെ അറസ്റ്റ് ചെയ്‌തു. അനിൽകുമാറും അബ്ദുൾ സത്താറും ഒന്നും രണ്ടും പ്രതികളാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നു കാട്ടിയാണ് അബ്ദുൾ സത്താർ ഹർജി നൽകിയത്. ഈ വാദത്തിൽ കഴമ്പില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.