കൊച്ചി: പുതുവർഷത്തിൽ നഗരവാസികൾക്ക് സിറ്റി ഗ്യാസിൽ പാചകം തുടങ്ങാം. പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം (പി.എൻ.ജി) പൈപ്പുകൾ വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആദ്യഘട്ടത്തിൽ ഇടപ്പള്ളി കുന്നുംപുറത്തെ (ഡിവിഷൻ 36 ) നൂറു വീടുകളിൽ നടപ്പിലാകും. രണ്ടു ദിവസത്തിനുള്ളിൽ സുഭാഷ്ചന്ദ്ര ബോസ് റോഡിലെ പൈപ്പ് കണക്ഷൻ ജോലികൾ പൂർത്തിയാകും. ഔദ്യോഗിക ഉദ്ഘാടനം ജനുവരി ആദ്യ വാരത്തിൽ നടക്കും. തീയതി നിശ്ചയിച്ചിട്ടില്ല.

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിനാണ് എറണാകുളം ജില്ലയിൽ പാചകവാതക വിതരണത്തിന്റെ ചുമതല.

കുന്നുംപുറം പീലിയാട് റോഡ്, അംബേദ്കർ റോഡ്, മന്നം വിവേകാനന്ദ റോഡ് എന്നിവിടങ്ങളിലേക്കും അധികംവൈകാതെ പൈപ്പ് വഴി പാചക വാതകമെത്തും. ഡിവിഷനിലെ 85 ശതമാനം വീടുകളിലും സിറ്റി ഗ്യാസ് ലഭ്യമാകുമെന്ന് കൗൺസിലർ ജഗദാംബിക സുദർശൻ പറഞ്ഞു. അപേക്ഷ നൽകിയ വീടുകളിലെ പ്ലംബിംഗ് ജോലികൾ പൂർത്തിയായി. പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കേണ്ടത് അദാനി ഗ്യാസ് ഏജൻസിയാണെന്നും കൗൺസിലർ പറഞ്ഞു.

* ആറു ഡിവിഷനുകളിൽ

കോർപ്പറേഷനിലെ ആറു ഡിവിഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഈ ഡിവിഷനുകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ അനുബന്ധ ജോലികൾ പുരോഗമിക്കുകയാണ്.

മേയർ എം. അനിൽകുമാർ

* പ്രവൃത്തികൾ പുരോഗമിക്കുന്നു

കുന്നുംപുറത്തിനു പുറമേ വെണ്ണല, പാലാരിവട്ടം, തമ്മനം, ചക്കരപ്പറമ്പ്, പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനുകളിലും ആദ്യഘട്ടത്തിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ ഡിവിഷനുകളിൽ സർവേയും അപേക്ഷകരുടെ വീടുകളിലെ പ്ലംബിംഗ് ജോലികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കുന്നുംപുറം ഡിവിഷനിലുൾപ്പെട്ട അമൃത ആശുപത്രിയിലേക്കു ഗ്യാസ് പൈപ്പ് ഇടുന്നതിന്റെ ജോലികൾ പൂർത്തിയാക്കി. വൈകാതെ ആശുപത്രിയിലേക്ക് വാണിജ്യ ഗ്യാസ് കണക്ഷൻ നൽകാനാകും.

* തടസമായി തർക്കങ്ങൾ

2016 ഫെബ്രുവരിയിൽ കളശേരിയിൽ തുടക്കമിട്ട സിറ്റി ഗ്യാസ് പദ്ധതിയിൽ ഇതിനകം ലക്ഷക്കണക്കിനു വീടുകളിൽ വാതക കണക്ഷൻ നൽകേണ്ടതായിരുന്നു. ഇതുവരെ ഗ്യാസ് എത്തിയത് ആറു ജില്ലകളിലെ 29,000 വീടുകളിൽ മാത്രം. ഇതിൽ 28,000 കണക്ഷനുകളും എറണാകുളം ജില്ലയിലാണ്. ആയിരം കണക്ഷനുകൾ മാത്രമാണ് പുറത്തു നൽകിയത്.

തദ്ദേശസ്ഥാപനങ്ങൾ പൈപ്പിടാൻ അനുമതി വൈകിക്കുന്നുവെന്നാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസികളുടെ പരാതി. അനുമതി നൽകിയിട്ടും കണക്ഷനുകൾ വൈകുന്നതായി തദ്ദേശസ്ഥാപനങ്ങളും ആരോപിക്കുന്നു. പൈപ്പിടാൻ കുഴിക്കുന്ന റോഡുകളും നടപ്പാതകളും നന്നാക്കുന്നതിൽ ഏജൻസികൾ വീഴ്ച വരുത്തുന്നതായി തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യാപകമായ പരാതിയുണ്ട്.