blinds
കാഴ്ച പരിമിതരുടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പത്താം വാർഷികം പ്രസിഡന്റ് ജിനീഷ് പി., ജനറൽ സെക്രട്ടറി രജനീഷ് ഹെന്റി എന്നിവർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു. സുനിൽ ബാലകൃഷ്ണൻ, പ്രശാന്ത് സുബ്രമണ്യൻ, എബ്രഹാം ജോർജ് എന്നിവർ സമീപം

കൊച്ചി: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്ന ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള പത്താം വാർഷികം ആഘോഷിച്ചു. പന്തിനുള്ളിൽ കല്ലിട്ട് ശബ്ദമുണ്ടാക്കി കളിച്ചവർ തുടക്കമിട്ട സംഘ‌ടനയിൽ 152 കളിക്കാരുണ്ട്. സംസ്ഥാനതല മത്സരം വരെ സംഘടിപ്പിച്ച് മുന്നേറുകയാണ് അസോസിയേഷൻ.

ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ അംഗീകാരമുള്ള സംഘടന 2012ലാണ് രൂപീകരിച്ചത്. ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിവിന്റെ അംഗീകാരവും അസോസിയേഷനുണ്ട്. 2020ലെ മികച്ച അസോസിയേഷനുള്ള ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്. സ്‌കൂളുകളിൽ ക്രിക്കറ്റ് പരിശീലനം മുതൽ അന്താരാഷ്ട്രതലം വരെ മത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കുന്നുണ്ട്. പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നുണ്ട്.

ആലുവയിൽ പ്രവർത്തിക്കുന്ന സി.എ.ബി.കെ സെന്റർ ഫോർ എക്‌സലൻസിൽ കാഴ്ചപരിമിതർക്ക് പരിശീലനത്തിനുള്ള സൗകര്യമുണ്ട്. 2019ൽ ആദ്യ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനു രൂപം നൽകി. രാജ്യത്താദ്യമായി കാഴ്ച പരിമിതർക്ക് ക്രിക്കറ്റ് അക്കാഡമി ആരംഭിച്ചതും കേരള അസോസിയേഷനാണ്. ദേശീയ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിലേക്ക് പത്തിലേറെ താരങ്ങളെ സംഭാവന ചെയ്തു.

ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ പി.ജിനീഷ്, ജനറൽ സെക്രട്ടറി രജനീഷ് ഹെന്റി , യു.എസ് ടെക്‌നോളജി സെൻട്രൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ, സി.എസ്.ആർ ഹെഡ് പ്രശാന്ത് സുബ്രഹ്മണ്യൻ, സി.എ.ബി.കെ സീനിയർ റൊട്ടേറിയൻ ഉപദേശക സമിതി അംഗം എബ്രഹാം ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പന്തിനുള്ളിലെ കിലുക്കം കേട്ട് ആരംഭിച്ചതാണ് ക്രിക്കറ്റ് കളി. വെറും കളി മാത്രമല്ല ആത്മവിശ്വാസത്തിന്റെയും മോഹങ്ങളുടെ സാഫല്യവും കൂടിയാണിത്. വിഷമതകൾ നേരിട്ടും പത്തുവർഷം പിന്നിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

രജനീഷ് ഹെന്റി

ജനറൽ സെക്രട്ടറി