കൊച്ചി: 2023 പിറക്കുന്ന നിമിഷം കൊച്ചിയിലെ പുതുവർഷ ആഘോഷത്തിനും ഫുൾസ്റ്റോപ്പിടണം. ആട്ടവും പാട്ടുമായി ആഘോഷം തുടർന്നാൽ പൊലീസ് ഇടപെടും. രാത്രി 12ന് ആഘോഷമെല്ലാം അവസാനിപ്പിക്കണം. ലഹരി ഇടപാടിനും മദ്യപിച്ചുള്ള ഡ്രൈവിംഗിനും കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് കടുത്ത നിബന്ധന ഏർപ്പെടുത്തുന്നത്. ഡി.ജെ പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖ കൈയിൽ കരുതണമെന്നതടക്കം ക‌ടുത്ത നിർദ്ദേശങ്ങൾ പൊലീസ് നേരത്തെ പുറത്തിറക്കിയിരുന്നു.

1500ലധികം പൊലീസുകാരെയാണ് പുതുവർഷാഘോഷ വേളയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മഫ്തിയിലായിരിക്കും പൊലീസുകാർ അധികവും. സിറ്രി പൊലീസിന്റെ അതിർത്തിയിൽ ബാരിക്കേഡ് വച്ച് പരിശോധനയുണ്ടാകും. കൺട്രോൾ റൂം വാഹനങ്ങൾക്ക് പുറമെ, അതത് സ്റ്റേഷനുകളിലെ ടീമും പരിശോധന നടത്തും.

സി.സി.ടിവിയുണ്ട്
ഡി.ജെ പാർട്ടി നടക്കുന്ന ഹാളിൽ സി.സി.ടിവി കാമറ നിർബന്ധം. പൊലീസ് ആവശ്യപ്പെട്ടാൽ ദൃശ്യങ്ങൾ നൽകണം. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പരിസരങ്ങളും സി.സി.ടിവി നിരീക്ഷണത്തിലായിരിക്കും.

ഹോവറുമുണ്ട്
നഗരനിരീക്ഷണത്തിന് സിറ്റി പൊലീസ് അവതരിപ്പിച്ച ഇലക്ട്രിക് ഹോവറും പുതുവത്സര പട്രോളിംഗിനുണ്ടാകും. മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ ഇതുപയോഗിച്ച് പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താമെന്നതാണ് മേന്മ. ആറ് ഹോവറുകളാണ് സിറ്റി പൊലീസിനുള്ളത്.

മദ്യപിച്ചുള്ള ഡ്രൈവിംഗിനും ലഹരി ഇടപാടിനും തടയിടുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികളുടെ ഭാഗമായാണ് സമയക്രമീകരണം

സി.എച്ച്. നാഗരാജു

കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്