കോലഞ്ചേരി: മണ്ണൂരിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം ഓടയിലെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്യം രൂക്ഷമായി. മണ്ണൂർ പോഞ്ഞാശേരി റോഡ് വികസനത്തിനായി ഓടകൾ പൊളിച്ചിട്ടിട്ട് രണ്ട് വർഷത്തിലേറെയായി. കുറച്ചുഭാഗം മാത്രം ഓടകൾ നിർമിച്ച് പടിഞ്ഞാറെ കവലയിൽ അവസാനിപ്പിച്ചു. നിരവധിതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് പരാതി പറഞ്ഞിട്ടും തുടർ നടപടിയില്ല. മണ്ണൂർ കിഴക്കേക്കവല മുതൽ ഗാർഡിയൻ ഏയ്ഞ്ചൽ സ്‌കൂൾവരെ മെറ്റൽ വിരിച്ചിട്ട് ഒന്നരവർഷത്തിലേറെയായി. പൊടിശല്യം കാരണം നാട്ടുകാർ റോഡ് നനയ്ക്കുകയാണ്. അടിയന്തരമായി ഓടകൾ നിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കി കൊതുകുശല്യം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം