building

കോലഞ്ചേരി: മാളത്തിലൊളിച്ചിരിക്കുന്ന പാമ്പുകൾ ഭീഷണിയാവുമ്പോഴും കൂഴൂർ അങ്കണവാടിയിലെ കുട്ടികളുടെ ജീവൻ പന്താടി പഞ്ചായത്ത് അധികൃതർ. മഴുവന്നൂർ പഞ്ചായത്തിലെ മണ്ണൂർ മൂന്നാം വാർഡിൽ കൂഴൂർ 154-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളാണ് ഇഴജന്തുക്കളുടെ ഭീഷണിയിൽ കഴിയുന്നത്.

പുതിയ കെട്ടിടത്തിലേയ്ക്ക് അങ്കണവാടി മാറ്റിയപ്പോൾ നേരത്തെ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നില്ല. മേൽക്കൂരയും ഭിത്തികളും തകർന്ന് പാമ്പുകളുടെ താവളമാണ് കെട്ടിടം ഇപ്പോൾ.

കുട്ടികൾ അങ്കണവാടിയിലുള്ളപ്പോൾ പോലും നിരവധി പ്രാവശ്യം സമീപത്തെ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങിയ വിഷപാമ്പുകളെ നാട്ടുകാർ തല്ലിക്കൊന്നിട്ടുണ്ട്. കൂഴൂർ പി.എച്ച്.സി സബ് സെന്ററിനും അങ്കണവാടിക്കും ഇടയിലാണ് പഴയ കെട്ടിടം നിൽക്കുന്നത്.

2008 ലാണ് ഇവിടെ അങ്കണവാടി തുടങ്ങുന്നത്. സ്വകാര്യവ്യക്തി പഞ്ചായത്തിന് വിട്ടു നൽകിയതാണ് കെട്ടിടം. 2016 ഡിസംബർ വരെ അങ്കണവാടി ഇവിടെ പ്രവർത്തിച്ചിരുന്നു. പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം മാറ്റിയപ്പോൾ പഴയ കെട്ടിടം അവിടെ നിന്ന് പൊളിച്ച് മാറ്റാൻ അധികൃതർ നടപടിയെടുത്തില്ല.

കാലപ്പഴക്കത്താൽ കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് ഇഴ ജന്തുക്കൾ കുടിയേറി പാർത്തത്. 32 വർഷത്തിലധികം കെട്ടിടത്തിന് പഴക്കമുണ്ട്. കെട്ടിടം പൊളിച്ചുമാ​റ്റാനായി കത്തു നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നും പഞ്ചായത്ത് അംഗം കെ.കെ. ജയേഷ് പറഞ്ഞു.

കുട്ടികളുടെ ജീവന് ഭീഷിണിയായി നിൽക്കുന്ന ജീർണാവസ്ഥയിലുള്ള കെട്ടിടം അടിയന്തരമായി പൊളിച്ചുമാ​റ്റണം. ഇനിയൊരു അപകടമുണ്ടാകാൻ കാത്തു നിൽക്കാതെ എത്രയും വേഗം സത്വര നടപടികൾ സ്വീകരിക്കണം

കലേഷ് തളങ്ങാട്ടിൽ

പ്രസിഡന്റ്

യൂത്ത്കോൺഗ്രസ് മണ്ഡലം