തൃക്കാക്കര: വിദേശത്ത് ജോലി വാഗ്ദാനം നൽകി 2 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ വിദേശ റിക്രൂട്ട്മെന്റ് ഏജൻസി മാനേജരെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശി തെക്കുവിളവീട്ടിൽ അനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത്: ഇയാൾ മാനേജരായി കാക്കനാട് പ്രവർത്തിച്ചിരുന്ന സെന്റ് ലൂസിയ അക്കാഡമി എന്ന വിദേശ റിക്രൂട്ട്മെന്റ് ഏജൻസിയുടെ മറവിൽ പോളണ്ടിൽ മെക്കാനിക്കൽ എൻജിനിയറുടെ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. വിദേശജോലിക്കായി പണംനൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി നിരവധിപേരിൽനിന്ന് പണം കൈപ്പറ്റിയ രേഖകൾ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇൻഫോപാർക്ക് സി.ഐ വിപിൻദാസ്, എസ്.ഐ ഇന്ദുചൂഢൻ, സി.പി.ഒമാരായ ജയകുമാർ, സുജിത്ത് തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.