1
കവർച്ച നടന്ന വീട്ടിൽ പൊലീസ് അന്വേഷണം നടത്തുന്നു

പള്ളുരുത്തി: ഇടക്കൊച്ചിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. മതിൽ ചാടിയെത്തിയ മോഷ്ടാക്കൾ വീടിന്റെ വാതിൽ തകർക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡ് തൊട്ടടുത്ത് പുതുതായി പണിനടക്കുന്ന വീടിന്റെ പറമ്പിൽനിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളം വീട്ടിൽനിന്ന് ലഭിച്ചു.

മട്ടാഞ്ചേരി അസി. കമ്മിഷണർ അരുൺ കെ. പവിത്രന്റെ നേതൃത്വത്തിൽ എസ്.ഐ ജസ്റ്റിൻ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപത്തെ വീടുകളിലെയും മറ്റും സി.സി ടിവിദൃശ്യം സംഘം പരിശോധിച്ചു.

ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെന്റസിന്റെ വീട്ടിൽ തിങ്കളാഴ്ച പകലാണ് മോഷണം നടന്നത്. വൈകിട്ട് അഞ്ചോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. ഇരുപത് പവനോളം സ്വർണാഭരണങ്ങളും പതിനായിരം രൂപയുമാണ് മോഷണം പോയത്.

കഴിഞ്ഞ ജൂലായിൽ പഷ്ണിത്തോട് പാലത്തിനു സമീപമുള്ള വീട്ടിൽ നടന്ന കവർച്ചയിലും ഇതുവരെ യാതൊരു തുമ്പും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.