 
കോലഞ്ചേരി: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 47-ാമത് രാജ്യാന്തര സുവിശേഷ യോഗത്തിന്റെ രണ്ടാം ദിവസം യു.ടി. ജോർജ് സുവിശേഷ സന്ദേശം നൽകി. വിശ്വാസികളിൽ ഒരു കൂട്ടർ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ദൈവത്തോട് അകന്ന് മനസുകൊണ്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണ്. അതുപോലെ ലക്ഷ്യം തെറ്റിയവർക്ക് സത്യവഴി കാണിച്ച് മടക്കി വരുത്തുന്നതാണ് സുവിശേഷമെന്നും ജോർജ് പറഞ്ഞു.
പ്രൊഫ. എം.വൈ. യോഹന്നാൻ നേരത്തെ ചെയ്ത പ്രസംഗങ്ങളുടെ പുസ്തകാവിഷ്‌കാരമായ 'ആത്മീയവഴിയിലെ ആപത്തുകൾ' എന്ന 149-ാമത് പുസ്തകം പുറത്തിറക്കി. രാവിലെ അമൃതധാരയുടെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 1.30 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾക്ലാസും വൈകിട്ട് 6ന് അമൃതധാരയുടെ ഗാനശുശ്രൂഷയും നടന്നു. തുടർന്ന് എൻ.പി. പൈലി, പി.വി. ജേക്കബ്, കെ.എ. മത്തായി, ഡോ. ജോജി കെ. നൈനാൻ തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സുവിശേഷയോഗം crfgospal യൂട്യൂബ് ചാനലിലും crfgospel.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ഇന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന യോഗത്തിൽ ഉച്ചയ്ക്ക് 1.30 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾക്ലാസും വൈകിട്ട് 6ന് അമൃതധാരയുടെ ഗാനശുശ്രൂഷയും തുടർന്ന് ഫാ. ഔസേഫ് ഞാറക്കാട്ടിൽ, ഡോ. എം.സി. വർഗീസ്, ഇ.എം. മത്തായി തുടങ്ങിയവരുടെ പ്രസംഗങ്ങളും. പ്രൊഫ. സി.എം. മാത്യു മുഖ്യ സുവിശേഷസന്ദേശം നൽകും. എല്ലായോഗങ്ങളിലും പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷസന്ദേശവും ഉണ്ടായിരിക്കും. യോഗാനന്തരം വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. സഭാവ്യത്യാസം കൂടാതെ സുവിശേഷ തത്പരരായവർ ചേർന്നുനിന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. വിദേശത്തുനിന്നടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ധാരാളം പേർ യോഗങ്ങളിൽ സംബന്ധിക്കാൻ എത്തിച്ചേർന്നതായും സംഘാടകർ പറഞ്ഞു.