കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ 23, 24 തീയതികളിൽ നടന്ന സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ എറണാകുളം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിയോഗിച്ചു.
ഫാ. ജോർജ് തെക്കേക്കര (കൺവീനർ), ഫാ. പോളി മാടശേരി, ഫാ. മൈക്കിൾ വട്ടപ്പാലം എന്നിവരാണ് സമിതി അംഗങ്ങൾ. ഫാ. സെബാസ്റ്റ്യൻ മുട്ടംതോട്ടിലിനെ കമ്മിഷൻ സെക്രട്ടറിയായും നിയോഗിച്ചു.
ബസലിക്കയിൽ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെ, അനിഷ്ടസംഭവങ്ങൾക്ക് കാരണക്കാർ ആരൊക്കെ, തുടർച്ചയായി കുർബാന നടത്തിയതാര് എന്നിവ അന്വേഷിക്കണം. ഉത്തരവാദികൾക്കെതിരെ കാനോനിക നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ, പ്രശ്നങ്ങൾ പരിഹരിച്ച് സിനഡ് അംഗീകരിച്ച കുർബാന നടപ്പാക്കാൻ ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് കമ്മിഷന്റെ ചുമതലകൾ.