കൊച്ചി: നവോത്ഥാന കേരളത്തിന് വഴികാട്ടിയായത് ശ്രീനാരായണ ഗുരുവിന്റെ നിത്യനൂതനമായ ആത്മീയ ദർശനമാണെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എറണാകുളം ബി.ടി.എച്ച് ഹാളിൽ കേരളകൗമുദി 111-ാം വാർഷികത്തിന്റെയും കേരളകൗമുദി 'സ്കൂഗിൾ' വിദ്യാഭ്യാസ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ആത്മീയദർശനത്തെ കേരളം വേണ്ടതുപോലെ ഉൾക്കൊണ്ടില്ലെന്ന വിമർശനം ശരിയല്ല. മിസോറാം ഗവർണർ ആയിരിക്കെ മിസോറാമിലെ പ്രാദേശിക ഭാഷയിൽ വിവർത്തനം ചെയ്ത ദൈവദശകം അവിടെ വച്ച് പ്രകാശനം ചെയ്യാൻ സാധിച്ചത് മഹാഭാഗ്യമായാണ് കരുതുന്നത്. ശ്രീനാരായണ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം സാമൂഹ്യനവോത്ഥാനത്തിന്റെ ജിഹ്വയായി നിലകൊള്ളുന്ന കേരളകൗമുദി എക്കാലത്തും വ്യത്യസ്തതയുടെ അച്ചുകൂടമാണ്. ഇപ്പോൾ തുടക്കം കുറിക്കുന്ന സ്കൂഗിളിന്റെ കാര്യത്തിലും ആ വ്യത്യസ്തത പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ 111 വ്യവസായ സംരംഭകരെ പരിചയപ്പെടുത്തുന്ന 'സംരംഭകർക്കൊപ്പം കേരളകൗമുദി', സുരക്ഷിതമായ ഭക്ഷണസംസ്കാരം വളർത്തിയെടുക്കാ സഹായിക്കുന്ന 'ഹെൽത്തി കിച്ചൺ 2' എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതവും ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
സംരംഭകത്വമുൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച രാജേശ്വരി ഗ്രൂപ്പ് എം.ഡി. വി.എസ്. രാമകൃഷ്ണൻ, വസ്ത്രവിപണിയിലെ ആദ്യ സൂപ്പർമാർക്കറ്റിന്റെ സ്ഥാപകൻ മഹാരാജാ ശിവാനന്ദൻ, ബിസിനസ്, സിനിമ, സാഹിത്യ മേഖലകളിൽ സജീവസാന്നിദ്ധ്യമായ ആലുവ റോയൽ ഫുഡ്സ് ചെയർമാൻ ടി.സി. റഫീക്ക്, കേരളത്തെ മറ്റൊരു സിലിക്കൺ വാലിയാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഐ.ടി. സംരംഭകരായ ടാൽറോപ്പിന്റെ സി.എം.ഒ അജീഷ് സതീശൻ, പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂൾ മാനേജർ സജി ഏലിയാസ്, കൊച്ചിൻ ബേക്കറി ഉടമ എം.പി. രമേഷ് എന്നിവരെ കേരളകൗമുദിക്കുവേണ്ടി ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉപഹാരം നൽകി ആദരിച്ചു.