കൊച്ചി : ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിച്ച് മാത്രമേ രജിസ്‌ട്രേഷൻ മേഖലയിൽ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാവൂവെന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. ആധാരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ടെംപ്ലേറ്റ് പദ്ധതി ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്ക്രൈബ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ രജിസ്ട്രാർ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.കെ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. മനോജ്, സംഘടനസംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദു കലാധരൻ തുടങ്ങിയവർ സംസാരിച്ചു.