കൊച്ചി: വൈതരണികൾ ഒഴിഞ്ഞു, മറൈൻഡ്രൈവിലെ കൊച്ചി കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നു. കെട്ടിട നിർമ്മാണത്തിന്റെ എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ പണി പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. ഇതിന് മുന്നോടിയായി മേയറുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം അടുത്ത ആഴ്ച ചേരും.

16,535 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏഴു നിലകളിലായാണ് പുതിയ മന്ദിരം ഒരുങ്ങുന്നത്. താഴത്തെ നിലയിൽ ജനസേവാകേന്ദ്രവും കൗൺസിൽ ഹാളും ഉണ്ടായിരിക്കും. 3,583 ചതുരശ്ര അടിയാണ് കൗൺസിൽ ഹാളിന്റെ വലിപ്പം. കഴിഞ്ഞ ഓണത്തിന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു മേയറുടെ പ്രഖ്യാപനം. കരാറിലെ ചില വ്യവസ്ഥകൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധം ഉയർത്തിയതോടെ എട്ടു മാസമായി പണികൾ നിറുത്തിവച്ചിരിക്കുകയാണ്.

* പദ്ധതിയുടെ നാൾവഴികൾ

* 2006ൽ സി.എം. ദിനേശ്‌മണി മേയറായിരിക്കുമ്പോൾ നിർമ്മാണാനുമതി ലഭിച്ചു. 12.7 കോടി രൂപയായിരുന്നു പദ്ധതിചെലവ്

2008 ൽ നിർമ്മാണം നിലച്ചു. എസ്റ്റിമേറ്റിൽ കമ്പി ഉൾപ്പെടുത്താത്തതായിരുന്നു കാരണം.

2012 ൽ എസ്റ്റിമേറ്റ് 18.7കോടിയായി പുതുക്കി നിശ്ചയിച്ചു

2015 ൽ പദ്ധതി പുനരാരംഭിച്ചു. ചെലവ് 24.7 കോടി. എന്നാൽ പണി മുന്നോട്ടുപോയില്ല.

* പ്രതിപക്ഷത്തിന്റെ എതിർപ്പ്

2021ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം നിർമ്മാണത്തിന് വേഗത കൂടി. കൃത്യമായ സമയക്രമം തയ്യാറാക്കി നിശ്ചിതസമയത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി രണ്ട്, മൂന്ന് കോടി രൂപ എന്നിങ്ങനെ പ്രവൃത്തികൾ വേർതിരിച്ചു നൽകിയതിൽ അഴിമതി ആരോപിച്ച് യു.ഡി.എഫിലെ മുതിർന്ന കൗൺസിലർമാർ രംഗത്തത്തി.

തദ്ദേശ സ്വയംഭരണ ചീഫ് എൻജിനിയർ എസ്റ്റിമേറ്റ് പരിശോധിക്കണമെന്ന ആവശ്യം ഉയർന്നു. ഇതേത്തുടർന്ന് മേയർ ഫയൽ തദ്ദേശവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. പൊതുമരാമത്ത് വിഭാഗത്തിന്റെ പരിശാേധന കൂടി കഴിഞ്ഞ് ക്ളീൻ ചിറ്റോടെ ഫയൽ കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഇതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു.

* ഫണ്ട് കണ്ടെത്താൻ വഴിതേടും

കെട്ടിടത്തിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. 24 കോടി രൂപ ചെലവഴിച്ചു . ഇനിയും 40കോടി രൂപ കൂടി കണ്ടെത്തണം. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിഷയം ധനകാര്യ സമിതി ചർച്ച ചെയ്യും.

എം. അനിൽകുമാർ

മേയർ