ആലുവ: ആലുവ മണ്ഡലത്തിലെ എസ്.സി കോളനികളിൽ നടപ്പിലാക്കുന്ന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായുള്ള മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു.
ശ്രീമൂലനഗരം തൊഴുത്തുങ്കൽ പറമ്പ് കോളനി, പട്ടൂർകുന്നം കോളനി, തേമാലിപ്പുറം കോളനി, നെടുമ്പാശേരി ആലക്കട കോളനി, മള്ളുശേരി കോളനി, ചെങ്ങമനാട് പഞ്ചായത്തിലെ വിരുത്തി രണ്ടുസെന്റ് കോളനി, എടത്തല കാത്താംപുറം കോളനി, കീഴ്മാട് പുലയംതുരുത്ത് കോളനി, കാഞ്ഞൂർ എസ്.ടി കോളനി എന്നിവയുടെ വികസനത്തിനായി പദ്ധതി തയ്യാറാക്കി സർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചു.
മുൻകൂട്ടി അറിയിച്ചിട്ടും ചില ഉദ്യോഗസ്ഥർ പങ്കെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് യോഗം വിലയിരുത്തി. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും ആവശ്യമുയർന്നു.
മോണിറ്ററിഗ് കമ്മിറ്റി ചെയർമാനായി അൻവർ സാദത്ത് എം.എൽ.എയേയും കൺവീനറായി ജില്ലാ അസി. പട്ടികജാതി വികസന ഓഫീസർ വിത്സൺ മത്തായിയേയും തിരഞ്ഞെടുത്തു. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, പഞ്ചായത്ത് മെമ്പർമാരായ നൗഷാദ് പാറപ്പുറം, കെ.കെ. സതീശൻ, മുൻസിപ്പൽ സെക്രെട്ടറി മുഹമ്മദ് റാഫി, വാഴക്കുളം ബി.ഡി.ഒ കെ.വി. സതി, പട്ടികജാതി വികസന ഓഫീസർമാരായ വി. സിന്ധു, വി.കെ. സുരേഷ്‌കുമാർ, ഡി.എൻ. വാസുദേവൻ എന്നിവർ സംസാരിച്ചു.