ആലുവ: ചെറിയൊരു ഇടവേളക്കുശേഷം കടുങ്ങല്ലൂരിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. കഴിഞ്ഞദിവസം കോൺഗ്രസിന്റെ 138 -ാം ജന്മദിനം എ - ഐ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ആഘോഷിച്ചതിന് പിന്നാലെ പടിഞ്ഞാറെ കടുങ്ങല്ലൂർ സഹകരണബാങ്ക് പ്രസിഡന്റിനെ മാറ്റാനുള്ള നീക്കവും പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

എ ഗ്രൂപ്പുകാരനായ എ.ജി. സോമാത്മജനാണ് ദീർഘനാളായി ബാങ്ക് പ്രസിഡന്റ് കുറച്ചുകാലമായി എ ഗ്രൂപ്പുമായി നല്ലബന്ധമല്ല. ബാങ്ക് ഭരണസമിതി അധികാരത്തിലേറിയപ്പോൾ രണ്ടു വർഷത്തിനുശേഷം ഐ ഗ്രൂപ്പുകാരനായ സുരേഷ് മുട്ടത്തിന് വേണ്ടി ഒഴിയണമെന്ന് ധാരണയുണ്ടായിരുന്നു. ഇതിനിടയിൽ സുരേഷ് മുട്ടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ഇതോടെ സോമാത്മജനെ മാറ്റി എ ഗ്രൂപ്പ് തന്നെ പ്രസിഡന്റ് സ്ഥാനം കൈക്കലാക്കാൻ നീക്കം നടത്തുന്നതായാണ് ആരോപണം. ഇന്നലെ ബാങ്ക് ഡയറക്ടർ യോഗം ആരംഭിക്കുന്നതിന് മുമ്പ് എ ഗ്രൂപ്പ് നേതാക്കളെത്തി യോഗത്തിൽ രാജിസന്നദ്ധത അറിയിക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്ടതുർന്ന് പ്രകോപിതനായ പ്രസിഡന്റ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. സോമാത്മജൻ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് സുരേഷ് മുട്ടത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

സോമാത്മജനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കരുതെന്ന് ആവശ്യപ്പെടുന്നവർ ജാതി സമവാക്യങ്ങളും ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് പരിധിയിൽ നിന്നുള്ള നാല് സഹകരണബാങ്ക് അദ്ധ്യക്ഷന്മാരിൽ മൂന്നുപേരും ന്യൂനപക്ഷ സമുദായക്കാരാണ്. സോമാത്മജൻ മാത്രമാണ് ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടത്. ഇദ്ദേഹത്തെക്കൂടി​ നീക്കി ന്യൂനപക്ഷം കൈയടക്കിയാൽ ഭൂരിപക്ഷ സമുദായം എതിരാകുമെന്ന് ഒരു വിഭാഗം പറയുന്നു. സംഭവം വിവാദമാകാതിരിക്കാൻ ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്.

* കോൺ​ഗ്രസ് സ്ഥാപകദി​നാഘോഷവും ഗ്രൂപ്പുതി​രി​ഞ്ഞ്

കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മി​റ്റി മുപ്പത്തടം പഞ്ചായത്തുകവലയിൽ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം ഐ ഗ്രൂപ്പ് നേതാവായ കെ.പി.സി.സി നിർവാഹകസമിതി അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തപ്പോൾ തൊട്ടടുത്ത മുപ്പത്തടം കവലയിൽ എ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബാണ് ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പു വൈര്യത്തിൽ നേരത്തെ മണ്ഡലം കമ്മി​റ്റിയിൽ കൈയാങ്കളിവരെ ഇവിടെ നടന്നിട്ടുണ്ട്.