കൊച്ചി: സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടം അനുസരിച്ച് തട്ടേക്കാട് പക്ഷിസങ്കേതത്തിന് ചുറ്റുമുള്ള കുട്ടമ്പുഴ, കീരംപാറ ഗ്രാമ പഞ്ചായത്തുകളിലെ എട്ട് വാർഡും പിണ്ടിമന പഞ്ചായത്തിലെ കുറച്ചു പ്രദേശങ്ങളും ഉൾപ്പെട്ട ജനവാസകേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ് സോണിലായപ്പോൾ മംഗളവനം ദേശിയോദ്യാനത്തിന്റെ പരിധിയിൽ നിന്ന് ജനവാസമേഖലകളെയും സർക്കാർ സ്ഥാപനങ്ങളെയും പൂർണ്ണമായും ഒഴിവാക്കി.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കയം വാ‌ർഡ് പൂർണ്ണമായും പെണൂർകുടി, കുറ്റ്യാംചാൽ വാർഡുകൾ ഭാഗികമായും ഇക്കോ സെൻസിറ്റീവ് സോണിലാണ്. 425 കുടുംബങ്ങൾ ഈ പ്രദേശത്തുണ്ടെന്നാണ് പ്രാഥമിക കണക്ക്. ആശുപത്രി, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളുമുണ്ട്. ഈ വാർഡുകളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നേരിട്ട് സന്ദർശിച്ചാണ് ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നത്. യാത്രാസൗകര്യം പരിമിതമായ പ്രദേശമായതിനാൽ എല്ലാവരും പഞ്ചായത്ത് ഓഫീസിൽ എത്തി പരാതി നൽകുന്നത് പ്രായോഗികമല്ല. അതുകൊണ്ടാണ് അധികൃതർ അങ്ങോട്ടുചെന്ന് പരാതി സ്വീകരിക്കുന്നത്.

കീരാംപാറ പഞ്ചായത്തിലെ ചെങ്കര, കൂരിക്കുളം, വെളിയേൽചാൽ, പാലമറ്റം, മുട്ടത്തുകണ്ടം വാർഡുകൾ ഭാഗികമായി ഇക്കോ സോണിലാണ്. ഇവിടെനിന്ന് ഇന്നലെ രാവിലെവരെ 350 പരാതികൾ പഞ്ചായത്തിൽ ലഭിച്ചു. എന്നാൽ പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ഇ.എസ്.ഇസഡ് പ്രഖ്യാപനം കാര്യമായി ബാധിച്ചിട്ടില്ല. ഭൂതത്താൻകെട്ട് വാർഡിലെ രണ്ട് സർവ്വേനമ്പരുകളിൽ ഉൾപ്പെട്ട സ്ഥലങ്ങൾ മാത്രാണ് ഭൂപടം പ്രകാരം ഇക്കോസെൻസിറ്റീവ് സോണിലുള്ളത്. ഇവിടെ നിന്ന് അഞ്ച് കർഷകർ പരാതി സമർപ്പിച്ചിട്ടുണ്ട്.

അതേസമയം കൊച്ചി നഗരത്തിലെ മംഗളവനം ദേശിയോദ്യാനത്തിന്റെ ഇക്കോ സെൻസിറ്റീവ് സോണിൽ നിന്ന് സർക്കാർ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം ഒഴിവാക്കിയിട്ടുമുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടോടുകൂടി കഴിഞ്ഞ 12ന് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിൽ നഗരത്തിന്റെ സിംഹഭാഗവും ഇക്കോ സോണിൽ ഉൾപ്പെട്ടിരുന്നു.

ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്.