പറവൂർ: കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴരക്ക് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, മഹാഗണപതിഹവനം, പഞ്ചവിംശതി കലശാഭിഷേകം, വൈകിട്ട് താലം എഴുന്നള്ളിപ്പ്, രാത്രി മേജർസെറ്റ് കഥകളി - രുക്ണിമി സ്വയംവരം. മഹോത്സവദിനങ്ങളിൽ ശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, വിശേഷാൽപൂജ എന്നിവ നടക്കും.
നാളെ വൈകിട്ട് ഏഴിന് താലം എഴുന്നള്ളിപ്പ്, എട്ടരക്ക് കഥാപ്രസംഗം, ജനുവരി ഒന്നിന് രാവിലെ സമ്പൂർണ നാരായണീയ പാരായണം, വൈകിട്ട് ഏഴിന് താലം എഴുന്നള്ളിപ്പ്, ഏഴരക്ക് പൂമൂടൽ, എട്ടരക്ക് നാട്ടുപാട്ട് തിറയാട്ടം. രണ്ടിന് വൈകിട്ട് ഏഴിന് താലം എഴുന്നള്ളിപ്പ്, ഏഴരക്ക് പൂമൂടൽ, എട്ടരക്ക് തിരുവാതിരക്കളി. മൂന്നിന് വൈകിട്ട് ഏഴിന് ചാക്യാർകൂത്ത്, താലം എഴുന്നള്ളിപ്പ്, രാത്രി എട്ടിന് കളരിപ്പയറ്റ്, എട്ടരക്ക് നൃത്തസന്ധ്യ, നാലിന് വൈകിട്ട് ഏഴിന് കോലംസമർപ്പണം, ഏഴരക്ക് തായമ്പക, എട്ടരക്ക് ഗാനമേള.
വലിയവിളക്ക് മഹോത്സവദിനമായ അഞ്ചിന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നരക്ക് ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, പാണ്ടിമേളം, ഒമ്പതിന് ഫാൻസി വെടിക്കെട്ട്, പന്ത്രണ്ടിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ ആറിന് രാവിലെ ഒമ്പതിന് നാരായണീയ പാരായണം, പതിനൊന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, തുടർന്ന് ആറാട്ട് പുറപ്പാട്, എട്ടിന് ആറാട്ട് വിളക്ക്, പതിനൊന്നരക്ക് വലിയകുരുതി തർപ്പണം.