
തൃപ്പൂണിത്തുറ: സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നയിക്കുന്ന 30 ഓളം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ സഹവാസക്യാമ്പ് നടന്നു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു.
സ്പെഷലിസ്റ്റ് അദ്ധ്യാപകരായ അനിത, ബിനി എന്നിവരുടെ നേതൃത്വത്തിൽ വിവിധതരം പാനീയങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം, സ്കിറ്റ് പരിശീലനം, പച്ചക്കറിത്തോട്ട നിർമ്മാണം, കായിക പരിശീലനം എന്നിവ നൽകി.
തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ സുകന്യയും സഹപ്രവർത്തകരും ചേർന്ന് വിവിധ പോസ്റ്റൽ സേവനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. സമാപന സമ്മേളനത്തിൽ എ.ഇ.ഒ കെ.ജെ. രശ്മി, ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ ചന്ദ്രൻ, ബി. പി. സി കെ.എൻ. ഷിനി, ട്രെയിനർ ഷമീന ബീഗം എന്നിവർ പങ്കെടുത്തു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യാ സി. രാജൻ, ഇന്ദു രാജീവ്, ആശാ ശങ്കർ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.