കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലുണ്ടായ സംഘർഷം അന്വേഷിക്കാൻ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിയോഗിച്ച കമ്മിഷനുമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും സഹകരിക്കില്ല. ഇക്കാര്യം അറിയിച്ച് വത്തിക്കാനും സിനഡിനും കത്തയച്ചു.

ബസിലിക്കയിൽ കുർബാനയെ അവഹേളിച്ചതും ബലിപീഠം തട്ടിയിട്ടതും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെയും ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. ആന്റണി പൂതവേലിയേയും പിന്തുണയ്ക്കുന്ന എം.ടി.എൻ.എസ് പ്രവർത്തകരാണ്. സംഘർഷം ഒഴിവാക്കി അന്തരീക്ഷം ശാന്തമാക്കാൻ ബലിയർപ്പിച്ചിരുന്ന വൈദികരുടെ തെറ്റ് കണ്ടുപിടിക്കാനാണ് മുൻവിധിയോടെ കമ്മിഷന് ആർച്ച് ബിഷപ്പ് കത്തു നൽകിയതെന്ന് അതിരൂപതാ സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർക്ക് ഇഷ്ടപ്പെട്ട വ്യക്തികളെ വച്ച് ഏകപക്ഷീയമായ അന്വേഷണം നടത്തുന്നത് ധാർമ്മികതയില്ല. വിശ്വാസികളോടും വൈദികരോടും ആലോചിക്കാതെ കമ്മിഷനെ നിയമിച്ചത് അംഗീകരിക്കില്ല.
ബസിലിക്കയിലെ അൾത്താരയും ബലിപീഠവും അശുദ്ധമാക്കിയത് ആരാണെന്ന് പകൽ പോലെ വ്യക്തമാണ്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷിയമായ കമ്മിഷനെ അതിരൂപത തള്ളിക്കളയുമെന്ന് കത്തിൽ പറയുന്നു.