1
വിവാദമായ കാർണിവൽ പാപ്പാഞ്ഞിയുടെ മുഖം

ഫോർട്ട്കൊച്ചി: സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളിൽ പ്രധാനപ്പെട്ട കൊച്ചിൻ കാർണിവലിൽ 31ന് അർദ്ധരാത്രിയിൽ കത്തിക്കുന്ന കാർണിവൽ പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രൂപസാദൃശ്യമുണ്ടായത് വിവാദമായി. ബി.ജെ.പി നേതൃത്വം പ്രതിഷേധിച്ചതോടെ മുഖരൂപം മാറ്റി സംഘാടകർ ഖേദം പ്രകടിപ്പിച്ചു.

ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിലാണ് പാപ്പാഞ്ഞിയുടെ രൂപമുണ്ടാക്കുന്നത്. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ബി.ജെ.പി ജില്ലാ സെക്രട്ടറിയും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ബഹളം കനത്തതോടെ കാർണിവൽ കമ്മിറ്റി ഭാരവാഹികളായ കെ.ജെ. സോഹൻ, സ്റ്റീഫൻ റോബർട്ട് എന്നിവരും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ അരുൺ കെ. പവിത്രനും സ്ഥലത്തെത്തി. നിർമ്മാണം നിറുത്തിവച്ച് കാർണിവൽ കമ്മിറ്റി മാപ്പ് പറയണമെന്ന് ബി.ജെ.പി.പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഭാരവാഹികൾ ആദ്യം തയ്യാറായില്ല. എന്നാൽ മുഖരൂപം മാറ്റാമെന്ന് അവർ ഉറപ്പ് നൽകി.

പ്രതിഷേധം കനത്തതോടെ കാർണിവൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. പുതിയ രൂപം തയ്യാറാക്കി എല്ലാവരുടെയും സഹകരണത്തോടെ കാർണിവൽ നടത്തുമെന്നും കാർണിവൽ ഭാരവാഹി സ്റ്റീഫൻ റോബർട്ട് പറഞ്ഞു.

പാപ്പാഞ്ഞി രൂപകൽപ്പന ചെയ്തവരുടെ രാഷ്ട്രീയ ലക്ഷ്യമാണ് വെളിവായതെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. ഇവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകി. ബി.ജെ.പി. സംസ്ഥാന സമിതിയംഗം എസ്.ആർ. വിജു, ശിവകുമാർ കമ്മത്ത്, ആർ. ശെൽവരാജ്, ആർ. സദാനന്ദൻ, അഡ്വ. കാർത്തിക് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഫോർട്ട്കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് 65 അടി ഉയരമുള്ള പാപ്പാഞ്ഞിയെ നിർമ്മിക്കുന്നത്.