photo

വൈപ്പിൻ: വൈപ്പിൻ - ഫോർട്ടുകൊച്ചി ഫെറിയി​ലെ റോറോയിൽ കയറാനുള്ള വാഹനങ്ങളുടെ തിരക്കുമൂലം വൈപ്പിൻ ബസ് സ്റ്റാൻഡിലും സ്റ്റാൻഡിലേക്കുള്ള സംസ്ഥാനപാതയിലും ഗതാഗതക്കുരുക്ക് മുറുകി​. സ്റ്റാൻഡിൽനിന്ന് ഒരു കിലോമീറ്റർവരെ വാഹനങ്ങളുടെ നിരയാണ്. ഇതി​നാൽ പറവൂർ, മുനമ്പം, എറണാകുളം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾക്ക് സ്റ്റാൻഡിലേക്ക് കയറാനും സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങാനും ബുദ്ധി​മുട്ടായി​. ബസ് ജീവനക്കാരും വാഹനഉടമകളും തമ്മിൽ തർക്കവും പതിവായി​. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച തർക്കവും കൈയാങ്കളിയി​ലും പൊലീസ് കേസിലും വരെയെത്തി.

*പുതുവത്സരത്തിരക്കിൽ വലഞ്ഞ്

രണ്ട് റോറോ വെസലുകൾ സർവീസ് നടത്തിയിരുന്ന ഫെറിയിൽ ഒരെണ്ണം മാത്രമായതോടെയാണ് ജെട്ടിയും സ്റ്റാൻഡും പരിസരവും വാഹനങ്ങളെക്കൊണ്ട് നിറയാൻ തുടങ്ങിയത്. ഫോർട്ടുകൊച്ചിയിൽ നടക്കുന്ന ബിനാലെ, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് വൻതിരക്കാണ് ഇവിടെ. അറ്റകുറ്റപ്പണിക്ക് പോയ ഒരു റോറോക്ക് പകരമായി ഫോർട്ടുകൊച്ചിയിൽനിന്ന് ബോൾഗാട്ടിയിലേക്ക് താത്കാലി​കമായി ആദിശങ്കര എന്ന റോറോ സർവീസ് നടത്തുന്നുണ്ട്. വൈപ്പിൻ ജെട്ടിയിൽ ആദിശങ്കരയ്ക്ക് അടുക്കാനാകാത്തതിനാലാണ് ബോൾഗാട്ടിയിൽ അടുപ്പിക്കുന്നത്.

എറണാകുളം ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽനിന്നും തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാൽ ജെട്ടിയിലേയും സ്റ്റാൻഡിലേയും ഗതാഗതക്കുരുക്ക് വിനയായി മാറുകയാണ്. 150 ഓളം സ്വകാര്യ ബസുകളിൽ മിക്കതിനും ദിവസവും രണ്ടോ മൂന്നോ ട്രി​പ്പുകൾ വൈപ്പിൻ വഴിയാണ് സർവീസ് നടത്തേണ്ടത്. സ്റ്റാൻഡിലേക്കുളള ഗതാഗതക്കുരുക്ക് മൂലം വൈപ്പിൻ ഭാഗത്തേക്ക് സർവീസ് ഒഴിവാക്കാൻ ബസുകാർ നിർബന്ധിതരാകുകയാണ്. ഇത് യാത്രക്കാരെ വലയ്ക്കുന്നു. ബസ് സ്റ്റാൻഡിൽ മുമ്പേതന്നെ മറ്റ് വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്. ഇതും സ്റ്റാൻഡി​ൽ വാഹനത്തി​രക്കേറാൻ കാരണമാണ്.

വൈപ്പിനിലേക്ക് മുഴുവൻ ബസുകൾക്കും സർവീസ് നടത്താനാകുന്നില്ലെന്ന് വൈപ്പിൻ- പറവൂർ ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ലെനിൻ ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിന് കൊച്ചി നഗരസഭയും ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും മുൻകൈ എടുക്കണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ കൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.