പള്ളുരുത്തി: പള്ളുരുത്തി തങ്ങൾ നഗറിൽ മനോനില തകരാറായി ഒറ്റക്കു താമസിക്കുന്ന 80കാരിയുടെ വീട്ടിൽ കണ്ടെത്തിയ സ്വർണവും പണവും അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. നാല് ലക്ഷത്തിലേറെ രൂപയും അഞ്ച് പവനോളം സ്വർണ്ണാഭരണങ്ങളുമാണ് കണ്ടെത്തിയത്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട്ടിൽ ഇവർ തനിച്ചാണ് താമസം. നാലു വർഷം മുൻപ് ഏക സഹോദരൻ മരിച്ചു. മറ്റ് ബന്ധുക്കളാരും ഇല്ല. അയൽവാസികൾ നൽകുന്ന ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. സ്ഥലം കൗൺസിലർ ലൈലാ ദാസ് ഇടപെട്ട് വീടും പരിസരവും വൃത്തിയാക്കാൻ ഇടക്കൊച്ചി സിയന്ന കോളേജിലെ എൻ.എസ്.എസ് വാളണ്ടിയർമാരെ വിളിച്ചു വരുത്തുകയായിരുന്നു. വീടു വൃത്തിയാക്കുന്നതിനിടയിലാണ് നൂറു കണക്കിന് പേഴ്സുകൾ നോട്ടുകെട്ടുകൾ നിറച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പലപ്പോഴായി നൽകുന്ന സഹായം ഇവർ ചെലവഴിക്കാതെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.