പറവൂർ: അടുത്ത അദ്ധ്യയന വർഷം കേസരിയുടെ പേരിലുള്ള സർക്കാർ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന കേസരി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാർവത്രികവും സമഗ്രവുമായി ലോകത്തെ വീക്ഷിച്ച സാർവ ലൗകീകതയുടെ വക്താവായിരുന്നു കേസരിയെന്നും മന്ത്രി പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, പൂയപ്പിള്ളി തങ്കപ്പൻ, ടി.ആർ. ബോസ്, എസ്.പി. നായർ, അഡ്വ. റാഫേൽ ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് ശാസ്ത്രം സമൂഹം മനുഷ്യൻ എന്ന സെമിനാറിൽ ഡോ. ഗീവർഗീസ് മാർ കുർലോസ് മെത്രാപ്പോലീത്ത വിഷയാവതരണം നടത്തി. എൻ.എം. പിയേഴ്സൺ, പൂയപ്പിള്ളി തങ്കപ്പൻ, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലാ കലോത്സവ വിജയികളുടെ യക്ഷഗാനവും നാടകവും നടന്നു. സമാപന ദിവസമായ ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാറിൽ ഡോ. എസ്. അഭിലാഷ്, ഡോ. എ.എ. മുഹമ്മദ് ഹാത്ത, ഡോ. കെ.എസ്. പുരുഷൻ എന്നിവർ സംസാരിക്കും. സമ്മാനവിതരണവും ഗോതുരുത്ത് ചവിട്ടുനാടക അക്കാഡമിയുടെ ചവിട്ടുനാടകവും നടക്കും.