
കോലഞ്ചേരി: ദൈവത്തോടുള്ള ബന്ധം ഭദ്രമാകണമെങ്കിൽ മനുഷ്യരോടുള്ള ബന്ധം നേരെയാകണമെന്നും മനുഷ്യരോട് പിണങ്ങിയും ദൈവത്തോട് ഇണങ്ങിയുമുള്ള ജീവിതം ക്രിസ്തീയമല്ലെന്നും പ്രൊഫ. സി.എം. മാത്യു പറഞ്ഞു. ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 47ാമത് രാജ്യാന്തര സുവിശേഷ മഹായോഗത്തിന്റെ 3ാം ദിവസം സുവിശേഷസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
രാവിലെ 9.30 ന് അമൃതധാരയുടെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 1.30 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾക്ലാസും സന്ധ്യയ്ക്ക് 6ന് അമൃതധാരയുടെ ഗാനശുശ്രൂഷയും തുടർന്ന് ഫാ. ഔസേഫ് ഞാറക്കാട്ടിൽ, ഡോ.എം.സി. വർഗീസ്, ഡോ. തോമസ് എൻ. എബ്രാഹം, ഇ.എം. മത്തായി തുടങ്ങിയവരുടെ ശുശ്രൂഷകളും അരങ്ങേറി.
പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷസന്ദേശവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന യോഗത്തിൽ ഉച്ചയ്ക്ക് 1.30 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾക്ലാസും സന്ധ്യയ്ക്ക്6ന് അമൃതധാരയുടെ ഗാനശുശ്രൂഷയും തുടർന്ന് ഫാ. ജോർജ് കട്ടക്കയം, ആലീസ് യോഹന്നാൻ, തോമസ്‌ജോൺ, ഡോ. എൻ.എം. ജോസഫ്, സി.വി. ജോർജ്ജ് തുടങ്ങിയവരുടെ പ്രസംഗവും. ഡോ. ഐസക് ജോൺ മുഖ്യസുവിശേഷസന്ദേശം നൽകും.
കോലഞ്ചരി ടൗണിൽ നിന്ന് പകൽസമയം നടക്കുന്ന ബൈബിൾ ക്ലാസിനും രാത്രിയിലെ യോഗത്തിനും പ്രത്യേകം വാഹനസൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്. വാഹനപാർക്കിംഗിന് കൂടുതൽ സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.