പറവൂർ: സമൂഹത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന സാധാരണക്കാർക്കുള്ള സ്‌നേഹസ്പർശമാണ് മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതിയെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. അമൃതശ്രീ പദ്ധതിയംഗങ്ങൾക്കുള്ള ജില്ലയിലെ ഒന്നാം ഘട്ട സഹായവിതരണത്തിന്റെയും അമൃതശ്രീ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, അമൃതശ്രീ കോ ഓർഡിനേറ്റർ ആർ. രംഗനാഥൻ, സമൂഹം സ്‌കൂൾ ട്രസ്റ്റ് അംഗം ജി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ പതിനായിരത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഓരോ അംഗത്തിനും ഭക്ഷ്യ, വസ്ത്ര ,ധന, ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയംതൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും വിതരണം ചെയ്തു.