
തൃപ്പൂണിത്തുറ: നിർദിഷ്ട ഇലക്ട്രോണിക് പാർക്കിന്റെ പരിധിയിൽ താമസിക്കുന്ന കൂലിപ്പണിക്കാരായ 9 കുടുംബങ്ങൾ. ആമ്പല്ലൂരിൽ ഇലക്ട്രോണിക്സ് പാർക്ക് വരുമോ ഇല്ലയോ എന്നതല്ല ഇവരുടെ വിഷയം. പഞ്ചായത്തിലെ 16-ാം വാർഡ് കണ്ടത്തിവെളിയിൽ ചിറയ്ക്കൽ ഭാഗത്ത് ഒറ്റപ്പെട്ടു കിടക്കുന്ന സാബു, ഗായകൻ, നിഷാദ്, അനീഷ്, ഉദയമ്മ, അജിമോൻ, ബിനീഷ്, സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവരുടെ കുടുംബങ്ങളിലെ 41 പേരെ അലട്ടുന്നത് അന്തിയുറങ്ങുന്നിടത്തേക്ക് എത്തിപ്പെടാനുള്ള ദുർഘട വഴിയാണ്.
പുത്തൻകാവിൽ നിന്ന് ഒരു കിലോമീറ്ററോളം കാടുപിടിച്ച് കിടക്കുന്ന വഴിച്ചാലും ആറു നടപ്പാലങ്ങളും കടന്നാലെ നാലു വശവും തോടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെറിയ വീടുകളിലേയ്ക്ക് എത്താനാവൂ. വള്ളങ്ങൾ കടന്നു പോകാനായി തോടുകളുടെ മുകളിൽ നാലോ അഞ്ചോ സ്റ്റെപ്പ് പണിത് നീളത്തിൽ വാർത്തിട്ട കൈവരിയില്ലാത്ത സ്ലാബുകളാണ് പാലങ്ങൾ! കുത്തനെയുള്ള സ്റ്റെപ്പുകളിലൂടെ സൈക്കിളു പോലും ഉമ്മറത്ത് എത്തിക്കാൻ കഴിയില്ല.
തങ്ങളുടെ സ്ഥലങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ പലരും വീടിന്റെ അറ്റകുറ്റപ്പണികൾ പോലും ചെയ്തിട്ടില്ല. ലൈഫ് മിഷനിൽ നിന്ന് അനുവദിച്ച തുക നിർമ്മാണ സാമഗ്രികൾ വഞ്ചികളിൽ എത്തിക്കാൻ തന്നെ വേണ്ടിവരും.
വേലിയേറ്റത്തിൽ മുറ്റത്ത് ദിവസവും പല തവണ വെള്ളം കയറും. വൃശ്ചിക വേലിയേറ്റത്തിന് വീടിനകത്തും വെള്ളമെത്തും. ഒറ്റയടി പാതയിലൂടെ ഗർഭിണികളെയോ രോഗികളെയോ കസേരയിലിരുത്തി രണ്ട് പേർക്ക് നടന്നു പോകാനാകില്ല. തോടുകളിൽ പോളപ്പായൽ ആയതിനാൽ പകുതിയോളം ദൂരം രോഗിയെയും കൊണ്ട് വള്ളത്തിൽ എത്താം.
വഴി വിളക്കുകൾ കണ്ണടച്ചാൽ മാസങ്ങൾ എടുക്കും മിഴി തുറക്കാൻ. വളർത്തുന്ന കന്നുകാലികളെ ഒന്നരയാൾ താഴ്ചയുള്ള കായലിലൂടെ നീന്തിച്ച് വേണം മറുകരയെത്തിക്കാൻ.
തങ്ങളുടെ പരാധീനതകൾ കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്തിൽ നിന്ന് അനുകൂല നടപടിയില്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകാനും പാർലമെന്റ് ഇലക്ഷൻ ബഹിഷ്കരിക്കാനും ഒരുങ്ങുകയാണ് ഈ വീട്ടുകാർ.
-----------------------------+
"രണ്ടു വർഷം മുമ്പ് പാലത്തിനുള്ള തുക അനുവദിച്ചെങ്കിലും ഭരണാനുമതി ലഭിച്ചില്ല. പഞ്ചായത്തുമായി കൂടിയാലോചിച്ച് മേൽ നടപടികൾ സ്വീകരിക്കും"
അനൂപ് ജേക്കബ് എം.എൽ.എ.
-------------------------
"പാലത്തിന്റെ 30 ലക്ഷം എസ്റ്റിമേറ്റ് പഞ്ചായത്തിന്റെ സാമ്പത്തിക പരിമിതികൾക്ക് പുറത്തായതിനാൽ എം.എൽ.എ യുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കും"
ബിജു തോമസ്,
ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്.