
കൊച്ചി: കൊവിഡ് വാക്സിൽ ജില്ലയിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഉറപ്പ്.
സർക്കാർ ആശുപത്രികൾക്കും വാക്‌സിൻ സ്വീകരിക്കാനുള്ളവർക്കും ആശ്വാസമായി സർക്കാർ ഇടപെടൽ. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എറണാകുളത്തേതിനു സമാനമായ പ്രശ്‌നമുണ്ടെന്നും വാക്‌സിൻ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായും ആരോഗ്യ മന്ത്രി വീണ ജോർജ് കേരളകൗമുദിയോട് വ്യക്തമാക്കി.
എറണാകുളം ജനറൽ ആശുപത്രിയിൽ വാക്‌സിൻ സ്റ്റോക്കില്ലെന്ന് ബോർഡ് വച്ചതും ജില്ലയിലാകെ സ്‌റ്റോക്കുള്ള 3,000 ഡോസിന്റെ കാലാവധി തീരുന്നതും സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എറണാകുളത്ത് ഇന്ന് കാലാവധി തീരുന്ന 3,000ലേറെ ഡോസ് വാക്‌സിനുകൾ ഉൾപ്പെടെ മാറ്റി നൽകാനായി അയക്കുമെന്നും മന്ത്രി പറഞ്ഞു.
ഡാറ്റാ എൻട്രി നിർത്തിയിട്ടില്ല
കൊവിഡ് പരിശോധന, പോസിറ്റീവ് കേസുകൾ എന്നിവ സംബന്ധിച്ച് ഡാറ്റാഎൻട്രി സംസ്ഥാനത്ത് ഒരിടത്തും നിർത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും ഡാറ്റാ എൻട്രിയുണ്ട്. ഓരോ ആഴ്ചയും വിലയിരുത്തുന്നുമുണ്ട്. പൊതുവിൽ പ്രസിദ്ധീകരിക്കുന്നില്ല എന്ന് മാത്രമേ ഉള്ളു.
ജാഗ്രതയോടെ...
കൊവിഡ് കേസുകളുടെ എണ്ണത്തിൽ നിലവിൽ എറണാകുളത്തിന് ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. ജനങ്ങൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവരങ്ങൾ ശേഖരിക്കും
ഇനി എത്രപേർ വാക്‌സിൻ സ്വീകരിക്കാനുണ്ടെന്നതിനും ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ എന്നിവ സ്വീകരിക്കാനുള്ളവരും സ്വീകരിച്ചവരും എന്നിങ്ങനെയുള്ള പട്ടിക ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ട്.
കൊച്ചിയിലെ ഉൾപ്പെടെയുള്ള വിവരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ട്.
വീണ ജോർജ്
ആരോഗ്യ മന്ത്രി