മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര വർണാഭമായി. റോളർ സ്കേറ്റിംഗ്, പാപ്പാക്കൂട്ടം, ബാന്റ് മേളം, ചെണ്ടമേളം, വനിത ശിങ്കാരിമേളം, പൂക്കാവടി, കൊട്ടക്കാവടി, തെയ്യം, തിറ, വിവിധ വേഷങ്ങൾ, കരകയാട്ടം, പമ്പമേളം, നാസിക് ഡോൾ, ഫുട്ബാൾ പ്ലോട്ട് തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, എൻ.സി.സി, മുത്തുക്കുട ഏന്തിയ കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, വാക്കിംഗ് ക്ലബ്, ഫുട്ബാൾ ക്ലബ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ സ്വാഗതവും ജോളി ജോർജ് മണ്ണൂർ നന്ദിയും പറഞ്ഞു. ഘോഷയാത്ര മുനിസിപ്പൽ ടൗൺ ഹാൾ മൈതാനിയിൽ എത്തിച്ചേർന്നതോടെ നഗരോത്സവത്തിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ കലാപരിപാടി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. എൽദോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാർ, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ബിന്ദു സുരേഷ്, ആർ. രാകേഷ്, പി.എം. സലിം, കെ.കെ. സുബൈർ, മീര കൃഷ്ണൻ, അസം ബീഗം, ആശാ അനിൽ, സുധ രഘുനാഥ്, നജില ഷാജി, ബിന്ദു ജയർ തുടങ്ങിയവർ സംസാരിച്ചു. ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും കൊച്ചിൻ സെറിമണിയുടെ മെഗാഷോയും അരങ്ങേറി. ഇന്ന് വൈകിട്ട് 5 മുതൽ വിവിധ കലാപരിപാടികൾ. ആറിന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതുവത്സരാഘോഷം. രാത്രി 8.30 ന് ആലപ്പുഴ റൈബാൻ അവതരിപ്പിക്കുന്ന മെഗാ ഗാനമേള.