കൊച്ചി: സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ആസ്റ്റർ ഹോസ്പിറ്റൽസ് കേരള സംഘടിപ്പിക്കുന്ന ജീവൻരക്ഷാ പരിശീലന കാമ്പയിനായ 'ബി ഫസ്റ്റ് ടു എയ്ഡ് ആൻഡ് സേവ് ലൈവ്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ ആളുകൾക്ക് മെഡിക്കൽ അത്യാഹിതങ്ങളിൽ നൽകേണ്ട പ്രഥമശുശുശ്രൂഷകളെ സംബന്ധിച്ച് ഈ കായിൻ വഴി ബോധവൽക്കരണം നൽകും.
ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കാമ്പയിൻ എത്തുമെന്നും അതിനു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അത്യാഹിത സന്ദർഭങ്ങളെ ക്യത്യമായി മനസ്സിലാക്കി അപകടത്തിൽപെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ജീവൻരക്ഷാ പരിശീലനം ഉൾപ്പെടെ ഉറപ്പാക്കുന്നതാണ് പദ്ധതി.
ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള ആൻഡ് തമിഴ്‌നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി മെഡിസിൻ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. ജോൺസൺ കെ.വർഗീസ്, കോഴിക്കോട് ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാലൻ പി.പി, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ. ടി.ആർ. ജോൺ എന്നിവർ സംബന്ധിച്ചു.