കൊച്ചി: സംസ്ഥാനത്ത് മട്ട വടി അരിയുടെ വില പത്തു രൂപ വരെ കുറഞ്ഞതതായി പവിഴം റൈസ് ചെയർമാൻ എൻ.പി. ജോർജ്ജ് പറഞ്ഞു. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള മട്ടനെല്ലിന്റെ ലഭ്യത വർദ്ധിച്ചതാണ് കാരണം. കാലാവസ്ഥാ കെടുതികൾ ഇല്ലെങ്കിൽ വില വർദ്ധനയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കേരളത്തിലെ അരിവിപണി ലക്ഷ്യമാക്കി സ്വദേശ വിദേശ കുത്തകകൾ കോൺട്രാക്ട് ഫാമിംഗിലൂടെ നെൽസംഭരണം നടത്തി അരിവില കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കുറഞ്ഞു വരുന്ന നെൽകൃഷി വ്യാപിപ്പിക്കാൻ സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും സംയുക്തസംരംഭങ്ങൾ വരണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.