
ആലുവ: മഹാകവി ചങ്ങമ്പുഴയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും കാവ്യ ജീവിതത്തെക്കുറിച്ചും പുനർവായന നടത്തുന്ന ചങ്ങമ്പുഴയും സാനുവും എന്ന നാടകം അരങ്ങിലേക്ക്. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജത ജൂബിലി സമാപന ദിവസമായ നാളെ വൈകിട്ടാണ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നാടകം അരങ്ങേറുന്നത്.
ആലുവ ടാസ് ഹാളിൽ നാടകത്തിന്റെ അവസാനവട്ട പരിശീലനം നടക്കുകയാണ്. ബാലനായും യുവാവായും മരണശേഷം ഗന്ധർവനായും നാടകത്തിൽ ചങ്ങമ്പുഴയെന്ന കഥാപാത്രമെത്തുന്നുണ്ട്. സജയ് കൃഷ്ണ, ബിനു പ്രേം, എ.എച്ച്. ഷാനവാസ് എന്നിവരാണ് മൂന്ന് ഘട്ടങ്ങളിലായുള്ള ചങ്ങമ്പുഴ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. തന്നെക്കുറിച്ചുള്ള ജീവചരിത്രമെഴുതിയ എം.കെ. സാനുവിനെ മരണശേഷം ഗന്ധർവനായി ചങ്ങമ്പുഴ കാണാനെത്തുന്നു. വിടനെ പോലെ ജീവിച്ച തനിക്ക് നല്ലൊരു മകനായും ഭർത്താവായും അച്ഛനായും ജീവിക്കണമെന്ന് സാനുമാഷിനോട് ചങ്ങമ്പുഴ ആഗ്രഹം പ്രകടിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ പ്രശസ്ത കാവ്യമായ രമണിനിലെ കഥാപാത്രങ്ങളായ രമണനും ചന്ദ്രികയും നാടകത്തിലെത്തുന്നുണ്ട്. ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവിയായി മഞ്ജുശ്രീയും സാനുമാഷായി ദാമോദർ രാധാകൃഷ്ണനും വേഷമിടുന്നു. ചങ്ങമ്പുഴയെ ശരിയായ രീതിയിൽ പുനർവായിക്കുകയാണ് നാടകം ലക്ഷ്യമിടുന്നതെന്ന് നാടക രചയിതാവ് കെ.എ. മുരളീധരൻ പറയുന്നു. മുതുകുളം മോഹനാണ് സംവിധായകൻ.