ആലുവ: കടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിൽ ഗ്രൂപ്പ് പോര് രൂക്ഷമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് സ്ഥാപക ദിനാഘോഷം മണ്ഡലം കമ്മിറ്റികൾ ചേരിതിരിഞ്ഞ് സംഘടിപ്പിച്ചുവെന്ന പ്രചരണം ശരിയല്ല. മണ്ഡലം കമ്മിറ്റി രണ്ടായി വിഭജിച്ചതിനെ തുടർന്ന് ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളായി പ്രവർത്തിക്കുകയാണ്. പാർട്ടി പരിപാടികളെല്ലാം രണ്ട് മണ്ഡലം കമ്മിറ്റികളും സംഘടിപ്പിക്കുന്നുണ്ട്.
കോൺഗ്രസിന്റെ ജന്മദിനാഘോഷവും ഇതിന്റെ ഭാഗമായാണ് രണ്ടിടത്ത് നടന്നത്. അത് ഗ്രൂപ്പ് പോരിന്റെ ഭാഗമല്ല. പടിഞ്ഞാറെ കടുങ്ങല്ലൂർ സഹകരണബാങ്ക് പ്രസിഡന്റിനെ മാറ്റുന്നത് പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ്. ഇക്കാര്യത്തിൽ ഗ്രൂപ്പ് - ജാതി പരിഗണനയൊന്നുമില്ല. 30 വർഷത്തോളമായി ബാങ്ക് ഭരണസമിതി അംഗമായ ആളെ മറ്റൊരാൾക്ക് അവസരം നൽകുന്നതിനാണ് ഒഴിവാക്കുന്നതെന്ന് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ പറഞ്ഞു. ബാങ്ക് പ്രസിഡന്റിനെ മാറ്റുന്നതിനെ താൻ എതിർത്തുവെന്ന പ്രചരണം ശരിയല്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലും അറിയിച്ചു.