
കൊച്ചി: മുൻമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെതിരെ ഉയർന്ന ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. സി.പി.എമ്മിൽ നിന്നുയർന്ന ആരോപണം ഗൗരവമുള്ളതാണെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തിയതായി കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെടുന്നത്. കേരളത്തിൽ സി.പി.എം നേതാക്കളുൾപ്പെട്ട കേസുകളിൽ അനുകൂലനിലപാടാണ് കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നത്. ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന സി.പി.എം തീരുമാനം ശരിയല്ല. വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഇ.പി. ജയരാജൻ കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, പരിസ്ഥിതിക്ക് ദോഷകരമായ നിർമ്മാണത്തിന് കൂട്ടുനിൽക്കൽ എന്നിവയാണ് നടത്തിയത്. ഇവയെക്കുറിച്ച് പൊതു അന്വേഷണം ആവശ്യപ്പെട്ട് ജനുവരി നാലിന് വൈകിട്ട് മുഴുവൻ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനവും ജനുവരി 10ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണയും നടത്തും.
ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ജനുവരി 5നും 15 നുമിടയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 13 മുതൽ 23 വരെ ഇടുക്കി ജില്ലയിൽ ഡീൻ കുര്യാക്കോസ് എം.പി കാൽനടയാത്ര നടത്തും. റബറിന് 200 രൂപ അടിസ്ഥാന വില നിശ്ചിക്കണമെന്നതുൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ജനുവരിയിൽ കോട്ടയത്ത് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും.
രാഷ്ട്രീയ വിവാദങ്ങൾ
ചർച്ചയായില്ല
അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉന്നയിച്ച പ്രശ്നങ്ങൾ യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തില്ല. വിവാദം മാദ്ധ്യമസൃഷ്ടിയാണെന്നും പ്രശ്നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസ് നേതാക്കൾക്ക് ആരോപണത്തിൽ പങ്കുണ്ടെന്നതുൾപ്പെടെ അദ്ദേഹം നിഷേധിച്ചതിനാൽ ചർച്ചയുണ്ടായില്ല. മൃദു ഹിന്ദുത്വം സംബന്ധിച്ച കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമർശവും ചർച്ച ചെയ്തില്ല. ആന്റണിയുടെ പരാമർശത്തിൽ ലീഗിനുൾപ്പെടെ പരാതിയില്ലെന്ന് എം.എം. ഹസൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.