x
വിരമിച്ച നായകളെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

തൃപ്പൂണിത്തുറ: സർവീസിൽ നിന്നു വിരമിച്ച കേരള പൊലീസിലെ സഹോദരിമാരും സമർത്ഥരുമായ രണ്ടു നായകൾക്ക് ഹിൽ പാലസ് എ.ആർ. ക്യാമ്പിലെ പരിശീലന കേന്ദ്രത്തിൽ യാത്രയയപ്പ് നൽകി.

കറുത്ത നിറത്തിലുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട ബില്ലയ്ക്കും ക്യാമ്പിൽ ഡോളി എന്നറിയപ്പെടുന്ന മില്ലയ്ക്കുമാണ് യാത്രയയപ്പ് നൽകിയത്. അഖിലേന്ത്യാ തലത്തിൽ നടന്ന നിരവധി പൊലീസ് മീറ്റുകളിൽ ഇവർ മെഡലുകളും ട്രോഫികളും നേടിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസിന് വേണ്ടി നാനൂറോളം കേസുകൾ അന്വേഷിക്കുകയും അനേകം വി.വി.ഐ.പി. സുരക്ഷാ ജോലികൾ നിർവഹിക്കുകയും ചെയ്ത ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഹിൽ പാലസ് ക്യാമ്പിൽ നിന്ന് ഇവരെ തൃശൂർ പൊലീസ് അക്കാഡമിയിലുള്ള വിശ്രാന്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോവും. അവിടെ ജീവിതാവസാനം വരെ പരിചരണം ലഭിക്കും. മറ്റു ഇരുപതോളം പൊലീസ് നായകളും വിശ്രമ കേന്ദ്രത്തിലുണ്ട്.