nia

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനും മുൻനിര നേതാക്കൾ അറസ്റ്റിലായതിനും പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് കരുത്തു പകരുന്ന തെളിവുകൾ ശേഖരിക്കാനാണ് എൻ.ഐ.എ കേരളത്തിൽ 56 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. സംഘടനയുടെ അടിവേര് അറുക്കാനും കേസുകൾക്ക് ബലം പകരാനുമുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുകയാണ് ലക്ഷ്യം.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചശേഷം സെപ്തംബർ 22ന് എൻ.ഐ.എ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. കേരളത്തിൽ 24 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ സംസ്ഥാന പ്രസിഡന്റ് ഒ.എം.എ സലാം ഉൾപ്പെടെ 13 നേതാക്കൾ അറസ്റ്റി​ലായി​. ഐ.ബി ഉൾപ്പെടെ കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് അർദ്ധരാത്രി നടത്തിയ റെയ്ഡിന്റെ തുടർച്ചയായിരുന്നു ബുധനാഴ്ചത്തെ പരിശോധന.

സെപ്തംബർ 28ന് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചതിന് ശേഷം നിരവധി നേതാക്കളും പ്രവർത്തകരും എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. നിരോധിച്ച ശേഷവും ഭീകരപ്രവർത്തനങ്ങൾ തുടരുന്നതായി കണ്ടെത്തി. ആദ്യ റെയ്ഡുമായി ബന്ധപ്പെട്ട കേസുകൾക്ക് ബലം പകരുന്ന തെളിവുകൾ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കുന്നതി​ന്റെ ഭാഗമാണ് റെയ്ഡെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.

അഞ്ചു വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. അതിന് ശേഷവും നിരോധനം തുടരാവുന്ന വിധത്തിൽ, പോപ്പുലർ ഫ്രണ്ട് തീവ്രവാദം വളർത്തുന്ന സംഘടനയാണെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. നിരോധനത്തിന് ശേഷവും സോഷ്യൽ മീഡിയ ഉപയോഗിച്ച് തീവ്രവാദത്തിന് യുവാക്കളെ പ്രേരിപ്പിച്ചതിനുൾപ്പെടെ തെളിവുകൾ എൻ.ഐ.എക്ക് ലഭിച്ചു. നൂറോളം അക്കൗണ്ടുകൾ വഴി പ്രവർത്തകർക്ക് വിദേശത്തുനിന്ന് പണം ലഭിച്ചതും കണ്ടെത്തി. പുതി​യ തെളി​വുകളായി​ മാരകായുധങ്ങൾ, കുറ്റകൃത്യങ്ങൾ നടത്താൻ രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡി​ന്റെ പ്രവർത്തനം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ അറസ്റ്റിലായ വൈപ്പിൻ സ്വദേശി മുഹമ്മദ് മുബാറക്ക് ഹിറ്റ് സ്‌ക്വാഡിന്റെ പരിശീലകനാണെന്നും വ്യക്തമായെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.