binale

കൊച്ചി: നേപ്പാൾ പിക്ച്ചർ ലൈബ്രറിയുടെ 'സ്ത്രീകളുടെ പൊതുജീവിതം' എന്ന ആവിഷ്‌കാരം ബിനാലെയുടെ ഫോർട്ടുകൊച്ചി പെപ്പർ ഹൗസിൽ ശ്രദ്ധയാകർഷിക്കുന്നു. നേപ്പാളിലെ സ്ത്രീശാക്തീകരണമാണ് വിഷയം.
''പൊതുവിടങ്ങളിൽ ദൃശ്യമാവുക എന്നാൽ എന്നാൽ അർത്ഥം ചരിത്രത്തിൽ കാണപ്പെടുക, ഗണിക്കപ്പെടുക എന്നു കൂടിയാണ്. വീടിന്റെ അതിർവരമ്പുകളിൽ നിന്ന് പൊതു ജീവിതത്തിന്റെ തുറന്ന ഇടങ്ങളിലേക്കുള്ള നേപ്പാളി സ്ത്രീകളുടെ യാത്ര മറയ്ക്കപ്പെട്ട, അപ്രധാന അവസ്ഥയിൽനിന്ന് ഓർമ്മയിലേക്കുള്ള പ്രയാണമാണ്" - പ്രദർശനത്തിന്റെ ക്യൂറേറ്റർമാരായ ദിവാസ് രാജ കെ സി, നയൻതാര ഗുരുംഗ് കക്ഷപതി എന്നിവർ ആമുഖമായി പറയുന്നു.

വാമൊഴി ചരിത്രവും സ്വകാര്യമായവ ഉൾപ്പെടെ കൈപ്പടയിലുള്ള കുറിപ്പുകളും ഫോട്ടോഗ്രാഫുകളും പ്രസിദ്ധീകരണങ്ങളും ശേഖരത്തിലുണ്ട്.
പൊതുസമൂഹത്തിന്റെ ബോദ്ധ്യത്തിലേക്ക് സ്വയമേവ കടന്നുവരാൻ തയ്യാറായ നേപ്പാളി സ്ത്രീകളെ പ്രദർശനത്തിൽ കാണാനാകും.
പെൺകുട്ടികളുടെ വിദ്യാഭ്യാസമെന്നത് മൂല്യത്തകർച്ചയോ അനാവശ്യമോ സാമൂഹികക്രമത്തിനു നേർക്കുള്ള ഭീഷണിയോ ആണെന്ന പൊതുബോധത്തിനെതിരെ കരുത്തോടെ നീങ്ങേണ്ടി വന്നു നേപ്പാളി സ്ത്രീകൾക്ക് വിദ്യഭ്യാസം നേടാൻ. പഠനത്തിന്റെയും അറിവുസമ്പാദനത്തിന്റെയും ജീവിതത്തിലൂടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കുതിപ്പ് പകർത്തുന്ന ചില ഭൂതകാലദൃശ്യങ്ങൾ പ്രദർശനപരമ്പരയിലുണ്ട്. സ്ത്രീകൾക്ക് ഒരു കൂട്ടായ്‌മയുടെ അനുഭവം പകരാൻ വിദ്യാലയങ്ങൾ പ്രത്യേകമായി എങ്ങനെയെല്ലാം ശ്രമിച്ചുവെന്നതും പ്രദർശനത്തിൽ തിരിച്ചറിയാം.