
തൃപ്പൂണിത്തുറ: നഗരത്തിലെ ഏറ്റവും ശോചനീയാവസ്ഥയിലായിരുന്ന 43-ാം വാർഡിലെ പള്ളിപ്പാനം കനാൽ റോഡിന്റെ നവീകരണം ആരംഭിച്ചു. എന്നാൽ ഫണ്ടിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
വാർഡ് ഫണ്ടുപയോഗിച്ചുള്ള പ്രഥമഘട്ട ജോലികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.
ട്രൂറ ഉൾപ്പെടെയുള്ള റെസിഡന്റ്സ് അസോസിയേഷനും റോഡ് ആക്ഷൻ കമ്മിറ്റിയും പ്രതിപക്ഷവും നടത്തിയ നിരന്തര പ്രക്ഷോഭങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് അധികാരികളുടെ കണ്ണു തുറന്നത്. ഈ റോഡ് പുനർനിർമ്മിക്കാൻ മാത്രം 40 ലക്ഷം വേണമെന്ന മുനിസിപ്പൽ എൻജിനിയറുടെ എസ്റ്റിമേറ്റ് കാറ്റിൽപ്പറത്തി വാർഡുകൾക്ക് തുല്യമായി അനുവദിച്ച 15 ലക്ഷമാണ് റോഡിന് നീക്കി വച്ചത്. എന്നാൽ 160 മീറ്ററിലെ ആദ്യഘട്ടം റോഡ് ഉയർത്താനും മണ്ണ് വിരിക്കാനും മറ്റും 15 ലക്ഷത്തിലധികം വേണമെന്നിരിക്കെയാണ് വേണ്ടത്ര പഠനം നടത്താതെ നഗരസഭ ഈ ചെറിയ തുക അനുവദിച്ചത്.
ഒരു കിലോമീറ്ററോളം നീളത്തിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ഒന്നാം ഘട്ട പുനർനിർമ്മാണം കഴിഞ്ഞാലും ആളുകളുടെ ദുരിതങ്ങൾ അടുത്ത കാലത്തൊന്നും തീരുമെന്ന് പ്രതീക്ഷയില്ലെന്ന് ട്രൂറ കൺവീനർ ജയേന്ദ്രൻ അഭിപ്രായപ്പെട്ടു.