കിഴക്കമ്പലം: ഗുരുതരാവസ്ഥയിലായ രോഗിക്ക് ബിരിയാണി ചലഞ്ചിലൂടെ ചികിത്സാ സഹായം നൽകി. തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കാക്കനാട് പാറയ്ക്കാമുകൾ കളപ്പുരയ്ക്കൽ കെ.പി. അക്ഷയിന്റെ (23,​ അച്ചു )​ ചികിത്സയ്ക്കാണ് പണം കണ്ടെത്തിയത്.

ഫുട്‌ബാൾ ക്ലബ് മോറയ്ക്കാലയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ചലഞ്ചിലൂടെ ലഭിച്ച 93,000 രൂപ കുടുംബത്തിന് കൈമാറി. ഫുട്‌ബോൾ പ്രേമിയായ കെ.പി. അക്ഷയിന്റെ ചികിത്സയ്ക്ക് 18 ലക്ഷത്തോളം രൂപ ചെലവ് വരും. ക്ലബ് രക്ഷാധികാരി കെ.എ. മാധവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം. നിതീഷ് ആദ്യ ബിരിയാണി ഏ​റ്റുവാങ്ങി. ഭാരവാഹികളായ കിരൺദേവ്, അനീഷ് മാമ്പിള്ളി, എം.ജി. സുധീഷ്, വിഷ്ണു ഷിബു, അക്ഷയ് സുരേന്ദ്രൻ, അമൽ എന്നിവർ പങ്കെടുത്തു.