ഫോർട്ട്കൊച്ചി: പുതുവത്സരാഘോഷത്തിൽ ക്രമാതീതമായി ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് പശ്ചിമകൊച്ചിയിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. ആഘോഷങ്ങൾ അതിര് വിടാതിരിക്കാനും ജനതിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാനും മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണറുടെ നിയന്ത്രണത്തിൽ നാല് അസി.കമ്മിഷണർമാർ, പത്ത് പൊലീസ് ഇൻസ്പെക്ടർമാർ നൂറോളം എസ്.ഐ,എ.എസ്.ഐമാർ, എഴുന്നൂറിലേറെ പൊലീസുകാരെയും പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഫോർട്ട്കൊച്ചി മേഖല സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. ആഘോഷങ്ങളിൽ പ്രശ്നക്കാരെ കണ്ടെത്താൻ ബീച്ചിലും പരിസര പ്രദേശങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്ന മറ്റിടങ്ങളിലും 200 ൽ കുറയാത്ത നിരീക്ഷണ കാമറകളും കൂടാതെ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പരേഡ് മൈതാനിയിൽ നിരീക്ഷണത്തിനായി രണ്ട് വാച്ച് ടവറുകൾ നിർമ്മിച്ച് 25 പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷത്തിനായി ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ വിദേശികൾക്കായി പ്രത്യേകയിടം സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്കായി മഫ്തിയിൽ വനിത പൊലീസ് ഉൾപെടെ നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കണ്ണങ്ങാട്ട്,സിഫ്റ്റ് കവല,ഇടക്കൊച്ചി പാലം,പഷ്ണിത്തോട് പാലം,എഴുപുന്ന,ഗൊണ്ടുപറമ്പ്,ബി.ഒ.ടി പാലം,തോപ്പുംപടി പഴയ പാലം,പപ്പങ്ങമുക്ക്,മാന്ത്ര ജംഗ്ൻ,ഫോർട്ട്കൊച്ചി വെളി വെസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പിക്കറ്റിങ് ഏർപ്പെടുത്തും. 31,ഒന്ന് തീയതികളിൽ ഫോർട്ട്കൊച്ചി ഭാഗത്തെ റോഡ് വശങ്ങളിൽ വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചിട്ടുണ്ട്.