
കൊച്ചി: കുടിവെള്ള ടാങ്കർ ലോറിയിൽ നിന്ന് റോഡിലേക്ക് ചോർന്ന വെള്ളത്തിൽ ബൈക്ക് തെന്നിമറിഞ്ഞ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ കാക്കനാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തൃക്കാക്കര ദേശീയ കവല കണ്ടാത്തി വീട്ടിൽ കെ.ജെ.ടോമിയുടെ ഹർജിയിലാണ് തൃക്കാക്കര പൊലീസിന് നിർദ്ദേശം.
രണ്ട് കുടിവെള്ള ടാങ്കറുകളുടെ ഉടമകളായ വാഴക്കാല വാഴക്കാല വീട്ടിൽ വി.എസ്.ഷിഹാബ്, വാഴക്കാല ഇലവക്കാട്ടുകുന്നേൽ ഇ.വി.സത്താർ എന്നിവരും ഡ്രൈവർമാരുമാണ് പ്രതികൾ.
ടോമിയുടെ ഗ്രാഫിക് ഡിസൈനറായ മകൻ ഡോൺ ടോമി(23)യാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് വാഴക്കാല പി.കെ.മൈന റോഡിൽ വച്ച് ലോറിയിൽ നിന്ന് പുറത്തേക്ക് തെറിച്ച വെള്ളത്തിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായത്. കൈയും കാലും ഒടിഞ്ഞു . ആന്തര അവയവങ്ങൾക്കും സാരമായി പരിക്കേറ്റു. തുടർന്ന് തൃക്കാക്കര പൊലീസിനും തൃക്കാക്കര എ.സി.പിക്കും പരാതി നൽകിയിട്ടും അന്വേഷണം നടക്കുകയോ തെളിവുകൾ ശേഖരിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. പിന്നീട് മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ചു.
അലക്ഷ്യമായി ലോറികൾ ഓടിച്ചതിനാലാണ് വെള്ളം വലിയ അളവിൽ റോഡിലേക്ക് തെറിച്ചത്. സി.സി ടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്. ടാങ്കറിൽ നിന്ന് വെള്ളം പുറത്തേക്ക് തെറിക്കാൻ പാടില്ലെന്ന ചട്ടം രണ്ട് ലോറികളും പാലിച്ചിട്ടില്ലെന്നും അഡ്വ. അനിയൻ പി.വക്കം വഴി സമപ്പിച്ച ഹർജിയിൽ പറയുന്നു. തെളിവായി അപകടത്തിന്റെയും ടാങ്കറുകളുടെ ചോർച്ചയും സംബന്ധിച്ച സി.സി ടി വി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചോർച്ചയുള്ള കുടിവെള്ള ടാങ്കർ ലോറികളിൽ നിന്ന് ഫൈൻ ഈടാക്കാറുള്ള കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.