pfi

കൊച്ചി:എൻ.ഐ.എ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത നാലുപേരിൽ പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലകനും ഹിറ്റ് സ്‌ക്വാഡ് അംഗവുമായ ഒരാളെ അറസ്റ്റു ചെയ്തു.

വൈപ്പിൻ എടവനക്കാട് മായാബസാർ അഴിവേലിക്കകത്ത് വീട്ടിൽ അഡ്വ. മുഹമ്മദ് മുബാറക്ക് (32) ആണ് അറസ്റ്റിലായത്. എൻ.ഐ.എ കോടതി ജനുവരി 13 വരെ ഇയാളെ റിമാൻഡ് ചെയ്തു.

ബുധനാഴ്ച കസ്റ്റഡിയിലെടുത്ത മുബാറക്കിനെ ഒരു ദിവസം ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിതുര സ്വദേശികളായ സുൽഫി, സുധീർ, കരമന സ്വദേശി സലിം എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങൾ നടത്താൻ രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമായ മുബാറക്ക് കരാട്ടെ, കുംഗ്ഫു വിദഗ്ദ്ധനുമാണെന്ന് എൻ.ഐ.എ അറിയിച്ചു.

ബാഡ്മിന്റൺ ബാഗിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വെട്ടുകത്തി, വാൾ, മഴു, എന്നിവയാണ് ലഭിച്ചത്. മറ്റു സമുദായങ്ങളിലെ നേതാക്കളെയും അംഗങ്ങളെയും ആക്രമിക്കാൻ കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. യുവാക്കളെ ആകർഷിച്ച് ഹിറ്റ് സ്‌‌ക്വാഡിൽ അംഗങ്ങളാക്കി ആയുധ പരിശീലനവും നൽകി​.

ഹൈക്കോടതിയിലെ അഭിഭാഷകനാണെങ്കിലും മുബാറക്ക് കാര്യമായി പ്രാക്ടീസ് നടത്തിയിരുന്നില്ല. തുടക്കം മുതൽ പോപ്പുലർ ഫ്രണ്ടിൽ അംഗമാണെങ്കിലും മുൻനിര പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നില്ല.ഏതാനും വർഷം മുമ്പാണ് നിയമബിരുദം നേടിയത്. എടവനക്കാട്ട് വീടിന് സമീപം നാടൻ വെളിച്ചെണ്ണ വിൽക്കുന്ന കട നടത്തുകയാണ്.