ആലുവ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലുവ, നെടുമ്പാശേരി, അങ്കമാലി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ വരെ ഹൈവേകളിലും എം.സി റോഡിലും വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പാതയോരത്ത് പാർക്കിംഗ് അനുവദിക്കില്ല.
എറണാകുളത്ത് നിന്ന് എയർപോർട്ടിലേക്ക് വരുന്നവർ പുളിഞ്ചുവട് ബൈപ്പാസ് വഴി കെ.എസ്.ആർ.ടി.സി റോഡിലൂടെ മഹിളാലായം തുരുത്ത് പാലത്തിലൂടെ പോകണം. പെരുമ്പാവൂരിലൂടെ വരുന്നവർ ആലുവ കെ.എസ്.ആർ.ടി.സി റോഡിലൂടെ തുരുത്ത് പാലം വഴി പോകണം. തൃശൂരിൽ നിന്ന് വരുന്നവർ നായത്തോട് വഴി തിരിയണം. തിരിച്ച് പോകുന്നവരും ഈ മാർഗം അവലംബിക്കണം. ഇന്ന് രാത്രിയും നാളെയും എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ 31ന് വൈകിട്ട് അഞ്ചിന് മുമ്പായി എത്തണം. തൃശൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ പറവൂർ കവല തിരിഞ്ഞ് യു.സി കോളേജ്, പാതാളം കളമശേരി വഴി പോകണം. എറണാകുളത്ത് നിന്ന് വരുന്നവരും ഈ മാർഗം സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.