കിഴക്കമ്പലം: കാലാവസ്ഥ വ്യതിയാനത്തിൽ കൃഷിക്കുണ്ടായ തിരിച്ചടിക്കു പുറമെ മഴ മാറിനിന്നതോടെ പാടങ്ങളിലെ വരനെല്ലിന്റെ വ്യാപനം കിഴക്കമ്പലം, കോലഞ്ചേരി മേഖലയിലെ നെൽക്കൃഷി ഭീമമായ നഷ്ടത്തിലേയ്ക്ക് നയിക്കുന്നു. കോലഞ്ചേരിയിലും കിഴക്കമ്പലത്തും നിരവധി പാടശേഖരങ്ങളിലെ നെൽക്കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. മാക്കിനിക്കര, കാരുകുളം, മലയിടംതുരുത്ത് ഭാഗങ്ങളിലെ കർഷകർ പരാതിയുമായി കൃഷിവകുപ്പിനെ സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് കാത്തിരിക്കുകയാണ് കൃഷിവകുപ്പ് ജീവനക്കാർ.
പാഴ്‌ച്ചെടിയോടൊപ്പം നെൽച്ചെടിയും നിലംപറ്റുന്നു
ഉയരത്തിൽ വളർന്നശേഷം പാഴ്‌ച്ചെടി നിലം പറ്റുന്നതോടൊപ്പം വളർന്നു നിൽക്കുന്ന നെൽച്ചെടിയും വീഴുകയാണ്. 50 ശതമാനത്തോളം കൃഷിയെ ഇതു ബാധിച്ചിട്ടുണ്ട്. വിവിധ പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നിരവധിപേരുടെ ഭൂരിഭാഗം നെല്ലും വരനെല്ലു മൂലം നശിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. മുൻ വർഷങ്ങളിൽ വരനെല്ല് ബാധിച്ചിരുന്നെങ്കിലും ഈ വർഷം സ്ഥിതി രൂക്ഷമാണ്. നെല്ലിനോട് സാദൃശ്യമുള്ള കളകൾ പറിച്ചുകളയുവാനും ബുദ്ധിമുട്ടുകയാണ് കർഷകർ.
ഇൻഷ്വറൻസ് കവറേജില്ല
വളരെ അപൂർവമായി കാണപ്പെടുന്ന ഇത്തരം കളകൾക്ക് ഇൻഷ്വറൻസ് കവറേജ് ലഭിക്കാറില്ല. അടുത്തതവണ കൃഷിയിറക്കുമ്പോൾ മുൻകരുതലെടുക്കണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നെൽവിത്തിനോടൊപ്പമാണ് വരനെല്ലിന്റെ വിത്തും പരക്കുന്നതെന്നാണ് കർഷകർ സംശയിക്കുന്നതെങ്കിലും മറ്റു ചില പാടങ്ങളിൽ ഇതു ബാധിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്. മഴവെള്ളത്തിലൂടെയാണോ ഇതിന്റെ വിത്ത് പാടങ്ങളിൽ അടിയുന്നതെന്ന സംശയവും കർഷകർക്കുണ്ട്. നെൽച്ചെടിയോടൊപ്പം ഉയരത്തിൽ വളരുന്ന വരനെല്ല് തിരിച്ചറിയാൻ വൈകുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
വരനെല്ല് : ഓലനെല്ല് എന്ന പേരിലും അറിയപ്പെടും. നെല്ലിന്റെകൂടെ സമാന രൂപത്തിൽ വളർന്ന് കൃഷി നശിപ്പിക്കും. കളയാണെന്ന് തിരിച്ചറിയാനാകാതെ വളരുന്നതിനാൽ പിഴുതുകളയൽ ശ്രമകരമാണ്. പാടം എത്ര ഉഴുതാലും കീടനാശിനികൾ തളിച്ചാലും വരും വർഷങ്ങളിൽ വീണ്ടും നെല്ലിനൊപ്പം വളരും.
പാടത്ത് നിന്ന് കള ഇല്ലാതാക്കി, നെൽക്കർഷകരെയും നെൽക്കൃഷിയേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സമിതികളുടെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഔസേഫ്, കർഷകൻ.