കൊച്ചി: ആചാരങ്ങളിലെയും അനുഷ്ഠാനങ്ങളിലെയും കഥയും കാര്യവുമറിയാത്ത പുതിയ തലമുറയാണ് വളർന്നു വരുന്നതെന്ന് ക്ഷേത്രീയ കാര്യവാഹ് സ്വദേശി ജാഗരൺ മഞ്ച് എ. ഗോപാലകൃഷ്ണൻ പറഞ്ഞു. പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് അവർക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പകർന്നു നൽകാൻ രക്ഷിതാക്കൾക്ക് സാധിക്കണം. ഇല്ലെങ്കിൽ അർത്ഥരഹിതമായ അനുകരണങ്ങളുടെ പിന്നാലെ കുട്ടികൾ പോകുമെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാതെ മായിക ലോകത്ത് ജീവിക്കുന്ന പുതിയ തലമുറയെ മൂല്യബോധത്തിലേയ്ക്ക് കൊണ്ടപോകണം. എന്തു പ്രതിസന്ധി വന്നാലും ഈശ്വരനിൽ ആശ്രയിക്കണമെന്ന് കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണമെന്നും എ.ഗോപാലകൃഷ്ണൻ പറഞ്ഞു.