
തൃക്കാക്കര: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ട ചർച്ച ചെയ്യാതെ ഇന്നലെ ചേർന്ന യോഗവും പിരിച്ചു വിട്ടു. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഏകപക്ഷീയമായി ചെയർപേഴ്സൺ പിരിച്ചുവിട്ടത്.
കൗൺസിൽ യോഗം ആരംഭിച്ചയുടൻ കഴിഞ്ഞ കൗൺസിൽ യോഗം പിരിച്ചുവിടാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൗൺസിൽ യോഗത്തിന് ശേഷം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൺ പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. പ്രതിപക്ഷ കൗൺസിലർമാരായ ജിജോ ചിങ്ങംതറ,എം.ജെ. ഡിക്സൻ എന്നിവർ കൂടി സമാന ആവശ്യം ഉന്നയിച്ചു.
പ്രതിപക്ഷം കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ കൗൺസിൽ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് ശരിയല്ലെന്ന് സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് പറഞ്ഞു.
പുറവങ്കര ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്ന് പ്രതിപക്ഷ കൗൺസിലറുടെ മക്കൾ ദിവസം 1,500 രൂപാവീതം കൈപ്പറ്റുന്നതായി യു.ഡി.എഫ് കൗൺസിലർ ഷാജി വാഴക്കാല ആരോപിച്ചു. ആരോപണം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഇടത്ത് കൗൺസിലർമാരായ സുനി കൈലാസൻ,റസിയ നിഷാദ്,അജുന ഹാഷിം,അഡ്വ.ലിയ തങ്കച്ചൻ,സിൽമ ശിഹാബ് എന്നിവർ രംഗത്തുവന്നതോടെ കൗൺസിലിൽ ബഹളമായി.
ഭരണ -പ്രതിപക്ഷ ബഹളത്തിനിടെ അജണ്ട മുഴുവൻ വായിച്ച ശേഷം പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡിലെ അജണ്ടകൾ ഒഴികെ മറ്റെല്ലാം പാസാക്കിയതായി ചെയർപേഴ്സൺ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ കൂവൽ സമരവുമായി പ്രതിപക്ഷവും കൗൺസിൽ ഹാളിൽ നിലയുറപ്പിച്ചു. ഷാജി വാഴക്കാല തന്റെ വാർഡിലെ ആശാ വർക്കർമാരെ ബി.എം നഗർ വാർഡിലേയ്ക്ക് മാറ്റാൻ ശ്രമിച്ചത് വാർഡ് കൗൺസിലർ അജുന ഹാഷിം ഇടപെട്ട് തടഞ്ഞു.
# മിനിട്സിൽ കൃത്രിമം
കാട്ടിയതായി ആരോപണം
കഴിഞ്ഞ കൗൺസിൽ യോഗത്തിന്റെ മിനിട്സിൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൃതൃമം കാട്ടിയതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത കൗൺസിലറുടെ പേര് ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്.