വൈപ്പിൻ: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ചെറായി ബീച്ചിലും ബീച്ചിലേക്കുള്ള റോഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി. വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ നിന്ന് ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ വൺവേ സംവിധാനം ആയിരിക്കും. ബീച്ചിലെത്തി വലത്തോട്ട് തിരിയുന്ന വാഹനങ്ങൾ വടക്കോട്ട് സഞ്ചരിച്ച് മുനമ്പം ബീച്ച് വഴി ഐ.ആർ വളവ് ഭാഗത്ത് സംസ്ഥാന പാതയിലെത്തി വേണം തിരികെപോകേണ്ടത്. ഇരുചക്രവാഹനങ്ങൾക്ക് മാത്രം മുനമ്പം രവീന്ദ്രപാലം വഴി ജനഹിത റോഡിലൂടെ സംസ്ഥാനപാതയിലെത്താം .ചെറായി ബീച്ചിലെത്തി ഇടത്തോട്ട് തിരിയുന്ന വാഹനങ്ങൾ തിരിച്ചു പോകുമ്പോൾ രക്ത്വേശ്വരി റോഡിലേക്ക് തിരിഞ്ഞ് സംസ്ഥാനപാതയിലെത്തി തിരികെപോകേണ്ടതാണ്. കുഴുപ്പിള്ളി ബീച്ചിലെത്തി വലത്തോട്ട് തിരിഞ്ഞുപോകുന്ന വാഹനങ്ങൾ രക്ത്വേശ്വരി റോഡിലേക്ക് തിരിഞ്ഞ് സംസ്ഥാനപാതയിലെത്തി തിരികെ പോകേണ്ടതാണ്. ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന വാഹനങ്ങൾ എടവനക്കാട് സെയ്തുമുഹമ്മദ് ബീച്ച് റോഡ് വഴി സംസ്ഥാനപാതയിലെത്തി തിരികെ പോകണം.
ചെറായി ബീച്ച് മുതൽ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. തെക്കോട്ട് കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് റോഡിന്റെ കിഴക്ക് ഭാഗത്ത് പാർക്കിംഗ് അനുവദിക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് മുതൽ ബീച്ചിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിടില്ല. ഉച്ചയ്ക്ക് 2ന് മുൻപ് എത്തുന്ന വാഹനങ്ങൾ ചെറായി ഭുവനേശ്വരി ക്ഷേത്രത്തിന് വടക്കുവശത്ത് പാർക്ക് ചെയ്യണം. വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചു. സംസ്ഥാന പാതയിൽ നിന്ന് രക്ത്വേശ്വരി ബീച്ചിലേക്കുള്ള റോഡിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. ബീച്ചുകൾ സന്ദർശിക്കുന്നവർ നിർബന്ധമായും ഐ.ഡി കാർഡ് കൈയിൽ കരുതണം.