മൂവാറ്റുപുഴ: രണ്ടാർകരയിലും മുളവൂരിലുമായി മൂന്നു വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. രണ്ടാർകരയിൽ രണ്ട് വീടുകളിൽ നിന്നായി 2പവൻ സ്വർണവും മുളവൂരിൽ 25,000 രൂപയോളം വില വരുന്ന 150 കിലോ റബർ ഷീറ്റും 100 കിലോ ഒട്ടുപാലും കവർന്നു.
മുളവൂർ ആലപ്പാട്ട് എ.ഇ.ഗോപാലന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് വ്യാഴാഴ്ച രാത്രി റബർഷീറ്റ് മോഷ്ടിച്ചത്.
രണ്ടാർ തെക്കെതോട്ടിൽ മമ്മദിന്റെ വീട്ടിൽ ഉറങ്ങികിടന്ന പേരകുട്ടിയുടെ കഴുത്തിൽ നിന്ന് ഒന്നര പവന്റെ സ്വർണ മാലയും അര കിലോമീറ്റർ അകലെ കക്കാട്ട് അസീസ് മൗലവിയുടെ വീട്ടിൽ നിന്ന് ഉറങ്ങിക്കിടന്ന പേരക്കുട്ടിയുടെ കാലുകളിലുണ്ടായിരുന്ന അര പവന്റെ പാദസരവുമാണ് കവർന്നത്. ജനൽപ്പാളി തുറന്നാണ് രണ്ട് മോഷണവും നടത്തിയത്. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.