വൈപ്പിൻ: നായരമ്പലം ഹെർബർട്ട് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അനുബന്ധ റോഡുകളുടെ വികസനത്തിന് ഭൂമിയേറ്റെടുക്കൽ നടപടികൾക്കു തുടക്കമായി. പ്രാരംഭ നടപടിയായി സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയാക്കി കരട് റിപ്പോർട്ട് പൊതു അഭിപ്രായത്തിന് സമർപ്പിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് ഹെർബർട്ട് പാലത്തിനു സമീപം പൊതു അഭിപ്രായ സ്വീകരണ യോഗം ചേർന്നത്. പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വാർഡ് അംഗങ്ങളായ എ. ഡി. മണി, എം. വി. വിനിൽ എന്നിവർ സംസാരിച്ചു.
കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു. അസി. എക്‌സിക്യുട്ടീവ് എൻജിനിയർ കെ. എം. ശിൽപ്പ പദ്ധതി വിശദീകരിച്ചു. റവന്യൂ ഇൻസ്‌പെക്ടർമാരായ ടി.എ.സന്തോഷ്, ടി. എൻ. വിനോദ് എന്നിവർ ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ വിശദമാക്കി. കരട് റിപ്പോർട്ട് സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റിനുവേണ്ടി ചെയർമാൻ സാജു വി. ഇട്ടി അവതരിപ്പിച്ചു.