
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ ആൾത്താരയിൽ കയറി കുർബാനയെ അവഹേളിക്കുകയും ബലിപീഠം തട്ടിമറിക്കുകയും ചെയ്തവരെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന കുർബാനയിൽ പങ്കെടുപ്പിച്ചതിൽ വൈദികരുടെ യോഗം പ്രതിഷേധിച്ചു. കർദ്ദിനാളിനെ അനുകൂലിക്കുന്ന മാർത്തോമ നസ്രാണി സംഘാംഗങ്ങളാണ് അക്രമങ്ങൾ അഴിച്ചുവിട്ടത്. ക്രിസ്‌മസ് രാത്രിയിൽ മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുർബാനയിൽ ഇവർ പങ്കെടുത്തു. ഇവർക്കൊപ്പം കർദ്ദിനാൾ കേക്ക് മുറിച്ചു. സഭയുടെ അന്തസ് നശിപ്പിക്കുന്ന മേജർ ആർച്ച് ബിഷപ്പ് രാജിവയ്ക്കണം. ബസിലിക്കയിലെ ആക്രമണങ്ങൾക്കെതിരെ ഫൊറോന തലത്തിൽ റാലികളും പരിഹാര പദയാത്രകളും നടത്തും.